29 May, 2019 10:37:45 AM


അക്ഷര നഗരിയിൽ 12 മണിക്കൂര്‍ സംഗീതാർച്ചനയുമായി പ്രിയ; ജില്ലയിലെ ആദ്യ ഉദ്യമം ബിനോയിയുടെ ചികിത്സക്കായി



കോട്ടയം: അക്ഷര നഗരിയിൽ പ്രിയയുടെ 12 മണിക്കൂര്‍ സംഗീതാർച്ചനയ്ക്ക് ഇന്ന് രാവിലെ തുടക്കം കുറിച്ചു. പാവപ്പെട്ടവരുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയ അച്ചു എന്ന പ്രിയ സുമേഷിന്റെ കോട്ടയം ജില്ലയിലെ ആദ്യ ഉദ്യമം കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന ചങ്ങനാശ്ശേരി പരിയാരം പീടികപ്പറമ്പിൽ ബിനോയ് ജോസഫി (39)ന് വേണ്ടി. 


കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നെഫ്രോളജി വിഭാഗം തലവൻ ഡോ.ജയകുമാറിന്റെ ചികിത്സയിൽ കഴിയുന്ന ബിനോയിക്ക് ശസ്ത്രക്രിയ നടത്താൻ മൂന്ന് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പണമില്ലാതെ വിഷമിക്കുന്ന ബിനോയിയുടെ അവസ്ഥ ചില സുമനസുകൾ പ്രിയയുടെ ശ്രദ്ധയിൽ പെടുത്തി. ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന തന്റെ കഴിവ് പാവപ്പെട്ട രോഗികൾക്ക് പ്രയോജനപ്പെടുത്തുവാൻ യാതൊരു മടിയും കൂടാതെ തെരുവിൽ പാട്ടു പാടുന്ന ഗായിക പ്രിയ മറ്റൊന്നും ചിന്തിച്ചില്ല.


അങ്ങനെയാണ് രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന സംഗീത പരിപാടിയുമായി പ്രിയയും സംഘവും ഇന്ന് എറണാകുളത്ത് നിന്ന് കോട്ടയം തിരുനക്കരയിൽ എത്തിയത്. ഒരു ദിനം നീളുന്ന കലാപരിപാടിക്കൊടുവില്‍ നാട്ടുകാരില്‍ നിന്ന് സംഭാവനയായി ലഭിക്കുന്ന തുക ബിനോയിയുടെ ഭാര്യ ബിന്ദുവിന് കൈമാറിയ ശേഷമേ പ്രിയ എറണാകുളത്തേക്ക് തിരിച്ചു പോകുകയുള്ളു. 


ചികിത്സയ്ക്കായി പണമില്ലാതെ വിഷമിക്കുന്ന ഒട്ടേറെ പേര്‍ക്ക് കാരുണ്യസ്പര്‍ശവുമായി പ്രിയ ഇതിനോടകം എത്തികഴിഞ്ഞു. ദൈവം തന്ന തന്‍റെ ശബ്ദം സമൂഹത്തില്‍ വിഷമം അനുഭവിക്കുന്നവര്‍ക്ക് പ്രയോജനപ്പെടട്ടെ എന്ന് തീരുമാനിച്ചാണ് പ്രിയ തെരുവോരങ്ങളില്‍ പാടാനിറങ്ങിയത്. പ്രിയയുടെ നല്ല മനസിന് സര്‍വ്വ പിന്തുണയുമേകി ഭര്‍ത്താവ് സുമേഷ് കൂടെ കൂടിയപ്പോള്‍ പ്രിയയെ തേടിയെത്തിയത് ഒട്ടേറെ അംഗീകാരങ്ങള്‍. 


ഉച്ചയ്ക്ക് കത്തി നിൽക്കുന്ന വെയിലിന്റെ ചൂടും ചില സമയങ്ങളിൽ കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് തന്നെയാണ് നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും കാതിനിമ്പം പകര്‍ന്ന് തെരുവോരങ്ങളിൽ പ്രിയയുടെ പാട്ടുകള്‍ ഒഴുകിയെത്തുന്നത്. ഒട്ടേറെ സ്ഥലങ്ങളില്‍  പാട്ടു പാടിയെങ്കിലും 12 മണിക്കൂർ ദൗത്യം ഏറ്റെടുത്തുള്ള ഗാന പരിപാടി ആരംഭിച്ചിട്ട് അധികമായില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K