27 May, 2019 07:50:16 PM
നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കുഴല്‍ കിണറിന് അനുമതി: സംഘര്‍ഷാവസ്ഥ; പോലീസ് സംരക്ഷണത്തോടെ രാത്രിയില്‍ കിണര്‍ നിര്‍മ്മാണം
ഏറ്റുമാനൂര്‍: നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യവ്യക്തിക്ക് കുഴല്‍കിണര്‍ കുഴിക്കാന്‍ നഗരസഭ അനുമതി നല്‍കിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഏറ്റുമാനൂര്‍ ശക്തിനഗറിലാണ് സംഭവം. ഏറ്റുമാനൂര്‍ നഗരസഭാ 34-ാം വാര്‍ഡില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ ശക്തിനഗറില്‍ അനുമതിയില്ലാതെ സ്വകാര്യവ്യക്തി കുഴല്‍കിണര്‍ കുഴിക്കാന്‍ ഒരുങ്ങിയത് ഒരു മാസം മുമ്പ് പരിസരവാസികള്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ റസിഡന്‍റ്സ് അസോസിയേഷന്‍ മുഖേന നഗരസഭാ സെക്രട്ടറിയ്ക്കും ഭൂജലവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും പരാതി നല്‍കി.
ഭൂജലവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നിബന്ധനകള്‍ക്ക് വിധേയമായി കുഴല്‍കിണര്‍ നിര്‍മ്മിക്കാവുന്നതാണെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പ് ഉള്ളതിനാല്‍ ഉചിതമായ തീരുമാനം നഗരസഭ കൈകൊള്ളേണ്ടതാണെന്നും കാട്ടി ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ നല്‍കിയ പരാതി നഗരസഭ മുക്കുകയും കഴിഞ്ഞ കൌണ്‍സിലില്‍ സ്വകാര്യവ്യക്തിയുടെ അപേക്ഷ പരിഗണിച്ച് കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഇന്നലെ വൈകിട്ട് കുഴല്‍കിണര്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. തങ്ങള്‍ക്ക് നഗരസഭയില്‍ നിന്നും അനുമതി ലഭിച്ചത് ചൂണ്ടികാട്ടിയതിനെതുടര്‍ന്ന് ചെയര്‍മാനെയും വാര്‍ഡ് കൌണ്‍സിലറെയും ബന്ധപ്പെട്ട നാട്ടുകാര്‍ക്ക് അനുകൂലമായ ഒരു മറുപടിയായിരുന്നില്ല ലഭിച്ചത്. കുഴല്‍കിണര്‍ കുത്തിക്കില്ല എന്ന നിലപാടില്‍ സ്ത്രീകളടക്കം നാട്ടുകാര്‍ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥ സംജാതമായി. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി.
അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന പോലീസിന്‍റെ ഭീഷണിയ്ക്ക് മുന്നില്‍ നിസഹായരായി സ്ത്രീകളടക്കം മാറിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെ രാത്രി തന്നെ കുഴല്‍കിണര്‍ കുഴിക്കുവാന്‍ നടപടികള്‍ എടുക്കുകയായിരുന്നു. രാത്രിയിലെ ശബ്ദമലിനീകരണം തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നറിയിച്ചിട്ടും തല്‍ക്കാലം നിര്‍ത്തിവെക്കാനോ പകല്‍ സമയം കുഴിക്കാനോ നിര്‍ദ്ദേശം നല്‍കാന്‍ പോലും പോലീസ് തയ്യാറായില്ല എന്ന ആരോപണവുമുണ്ട്. തങ്ങളുടെ പരാതി ചെയര്‍മാനെ നേരിട്ട് കണ്ട ശേഷം സമര്‍പ്പിച്ചിട്ടും ഭൂജലവകുപ്പ് ചൂണ്ടികാട്ടിയിട്ടും അത് മനപൂര്‍വ്വം അവഗണിച്ച നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുവാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് പറഞ്ഞു.