26 May, 2019 07:56:21 AM


അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലേക്ക്; നാളെ വാരണസിയിൽ എത്തും



ദില്ലി:  പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അമ്മ ഹീരാബെൻ മോദിയെ കണ്ട് അനുഗ്രഹം വാങ്ങാനായി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലേക്ക് പോകും. നാളെ മോദി വാരണസിയിൽ എത്തി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. 30നാകും മോദിയുടെ സത്യപ്രതിജ്ഞ. 


ഇന്നലെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. സര്‍ക്കാര്‍ രൂപീകരിക്കാൻ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിക്കുകയും ചെയ‌്തു. ഒന്നിച്ച് മുന്നോട്ട് നയിക്കുന്ന സര്‍ക്കാരായിരിക്കും തന്‍റേതെന്ന് രാഷ്ട്രപതിയെ കണ്ടശേഷം മോദി പറഞ്ഞു. 


എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം ആരംഭിച്ചത്. ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണമെന്നും ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണമെന്നും മോദി ജനപ്രതിനിധികളോടായി പറഞ്ഞു. 


303 സീറ്റിന്‍റെ മേൽക്കൈ ഉള്ളപ്പോഴും സഖ്യകക്ഷികളെയെല്ലാം കൂടി നിര്‍ത്തി എല്ലാവരുടെയും സര്‍ക്കാരെന്ന സന്ദേശം കൂടി നൽകുന്നുണ്ട് മോദി. 2014ൽ നിന്ന് വ്യത്യസ്ഥമായി മുതിര്‍ന്ന നേതാക്കളെ കാൽതൊട്ട് വന്ദിച്ചും, നിതീഷ് കുമാര്‍ ഉൾപ്പടെയുള്ള എല്ലാ എൻഡിഎ നേതാക്കളെയും ഒരുവേദിയിലേക്ക് കൊണ്ടുവന്നും രീതിയിലും ശൈലിയിലും രണ്ടാമൂഴത്തിൽ മോദി ഒരുപാട് മാറ്റങ്ങൾ വരുത്തി. ലോകനേതാക്കളുടെ സാന്നിധ്യത്തിലാകും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K