23 May, 2019 12:33:48 PM
മോദി തരംഗത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വെട്ടി സ്മൃതി ഇറാനി
ദില്ലി: വമ്പിച്ച ലീഡുമായാണ് ബിജെപി നേതാക്കള്‍ അധികാരത്തിലേക്ക് എത്തുന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് ഗാന്ധി നഗറിലെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു. മുതിര്‍ന്ന ബിജെപ് നേതാവ് എൽ കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ച ഗുജറാത്തിലെ ഗാന്ധി നഗർ മണ്ഡലത്തിലാണ് അമിത് ഷായുടെ മിന്നുന്ന പ്രകടനം. വാരണാസിയില്‍ പ്രധാനമന്ത്രിയുടെ ലീഡ് 93,000 കടന്നു.
അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ലീഡ് നിലയിൽ സ്മൃതി ഇറാനി വ്യക്തമായ മേധാവിത്വം നിലനിർത്തുകയാണ്. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രഗ്യ സിംഗ് താക്കുറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബിജെപിക്ക് വെല്ലുവിളിയാവുമെന്ന് വിലയിരുത്തിയ മണ്ഡലമായ ഭോപ്പാലിലും ബിജെപി വന്‍ ലീഡിലേക്കാണ് നീങ്ങുന്നത്. ബിജെപിയുടെ മികച്ച സംഘടനാ പ്രവര്‍ത്തനം പ്രഗ്യ സിംഗ് താക്കൂറിന് സഹായകരമായിയെന്നാണ് വിലയിരുത്തല്‍. കോൺഗ്രസിന്റെ ദിഗ്വിജയ് സിംഗിനെ ബഹുദൂരം പിന്നിലാക്കിയാണ് പ്രഗ്യ സിംഗിന്റെ ലീഡ് നില. ഭോപ്പാലില്‍ പ്രഗ്യ സിംഗിന്റെ ലീഡ് 44000 കഴിഞ്ഞു.