21 May, 2019 07:32:05 PM
വ്യോമസേനയുടെ മിസൈലാക്രമണത്തില്‍ ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം; 6 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ മിസൈല്‍ ലക്ഷ്യം തെറ്റി വന്നു പതിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത് വ്യോമസേനാ നടത്തിയ മിസൈലാക്രമണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗിനെ മാറ്റി. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെപ്പ് നടത്തിയത്.
ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ 7പേര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ബലാകോട്ടെ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്.ഫെബ്രുവരി 27നാണ് വ്യോമസേനയുടെ എം.ഐ17 വി5 ഹെലികോപ്റ്റര്‍ ബുദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ 6 ഉദ്യോഗസ്ഥരും ഒരു ഗ്രാമവാസിയുമാണ് മരിച്ചത്.
അതിര്‍ത്തിയില്‍ ഇന്ത്യ പാക് ഏറ്റുമുട്ടല്‍ നടക്കുമ്പോഴായിരുന്നു സ്വന്തം മിസൈല്‍ കൊണ്ടുതന്നെ ഇന്ത്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ശ്രീനഗര്‍ എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ പാക് ഹെലികോപ്റ്റര്‍ ആണെന്ന് കരുതിയാണ് ഇന്ത്യന്‍ വ്യോമസേനാ വെടി ഉയര്‍ത്തിയത്. സാങ്കേതിക തകരാറുമൂലമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്നാരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത സ്‌പൈഡര്‍ മിസൈല്‍ ആക്രമണത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തില്‍ വ്യോമസേനയില്‍ നിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയാണിതെന്ന് കണ്ടെത്തി. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായിരിക്കും. അഭിനന്ദന്‍ വര്‍ധമാന്റെ യുദ്ധ വിമാനം പാകിസ്ഥാനില്‍ തകര്‍ന്നു വീണ സമയത്തായിരുന്നു ബദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 7 പേര്‍ മരിച്ചത്