16 May, 2019 09:53:21 PM


മലിന ജലം; മെഡിക്കല്‍ കോളേജ് പരിസരത്തെ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി



കോട്ടയം: മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. പരിസരത്തെ തോടുകളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും മലിന ജലം ഒഴുക്കുന്നത് ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണിത്. 

മലിന ജലം ഒഴുകിയെത്തുന്ന കുളക്കാട്ടു പാടം മുണ്ടാര്‍ തോടിനോടു ചേര്‍ന്നുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ പൗരസമിതി രൂപീകരിച്ച് കോട്ടയം നഗരസഭയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 27ന് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയിരുന്നു. പരിശോധിച്ച 26 സ്ഥാപനങ്ങളില്‍ രണ്ടിടത്തു മാത്രമാണ് മലിനജല സംസ്‌കരണ സംവിധാനമുണ്ടായിരുന്നത്. സംസ്‌കരണ സംവിധാനമൊരുക്കണമെന്ന്  നിര്‍ദേശിച്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും മലിനജലം ഓടയിലേക്ക് ഒഴുക്കി വിടുന്ന ഔട്ട്‌ലെറ്റുകള്‍ അടക്കുകയും ചെയ്തിരുന്നു. നോട്ടീസിന്റെ കാലാവധി ജൂണ്‍ മൂന്നിന് അവസാനിക്കും. 

അഞ്ചു സ്ഥാപനങ്ങള്‍ മാത്രമാണ് മലിനജല സംസ്‌കരണ  സംവിധനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചിട്ടുള്ളത്. നോട്ടീസ് നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തവര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കണമെന്ന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ജൂണ്‍ മൂന്നിനകം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മലിന ജല സംസ്‌കരണ സംവിധാനമാണ് സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തേണ്ടത്. ഇതിന് തയ്യാറാകാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല.

സംസ്‌കരിച്ച ശേഷം ഹാനികരമല്ലെന്ന് ഉറപ്പു വരുത്തിയ മലിന ജലം  പൊതു ഓടയിലൂടെ ഒഴുക്കിവിടാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ സി. ചതുരച്ചിറ, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, പൗരസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K