15 May, 2019 07:43:49 PM


വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്: ദമ്പതികള്‍ ഏറ്റുമാനൂരില്‍ അറസ്റ്റില്‍



കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്, കുടുംബത്തെ കബളിപ്പിച്ച് ഒൻപതര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ഓൺലൈൻ മാധ്യമ സ്ഥാപന ഉടമകളായ ദമ്പതിമാർ ഏറ്റുമാനൂരില്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ തോപ്പില്‍ വീട്ടില്‍ ഹാരിസ് സെയ്ദും (50), ഭാര്യ ഫിജോ ജോസഫും (34) പൊലീസിന്‍റെ പിടിയിലായത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ഡോക്ടറുടെയും ഭാര്യയുടെയും പരാതിയെ തുടര്‍ന്ന്. പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരന്‍ എബി എന്നിവരില്‍ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. 


എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്‍റെ ഉടമയാണ് ഫിജോയെന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ തൃശൂര്‍ സ്വദേശി അജിത്ത് ജോര്‍ജ് (30) ഒളിവിലാണ്. ഇയാളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്. 2017 ഓഗസ്റ്റ് മുതലാണ് പലപ്പോഴായി പ്രതികൾക്ക് ഇവർ പണം നൽകിയത്. എന്നാൽ, ഇതുവരെയും ജോലിയോ, പണം തിരികെ നൽകുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് തട്ടിപ്പിന് ഇരയായവർ പരാതിയുമായി രംഗത്ത് എത്തിയത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 


ഹാരിസും ഫിജോയും ഏറ്റുമാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം ഫോർലൈൻ കൺസൾട്ടൻസി എന്ന സ്ഥാപന ത്തിന്‍റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഹാരിസ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറു ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. ഫിജോയും ഭര്‍ത്താവും  നിരവധി കേസുകളില്‍ മുമ്പും അറസ്റ്റിന്‍റെ വക്കോളമെത്തിയിരുന്നെങ്കിലും ഒരു ഐജിയുടെ പേരു പറഞ്ഞ് പൊലീസിനെ വിരട്ടി രക്ഷപ്പെടുകയായിരുന്നു.


9.50 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോട്ടയം എസ്‌പി ഹരിശങ്കര്‍ നടപടിയെടുത്തപ്പോള്‍ തടയിട്ടത് ഐജിയുടെ പേരിലുള്ള തട്ടിപ്പിനുകൂടി. പരാതി അന്വേഷിക്കാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഫിജോ പതിവു പോലെ നിയമം പറഞ്ഞുവന്നെങ്കിലും എസ്‌പിയുടെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ പൊലീസ് ഇതൊന്നും ഗൗനിച്ചില്ല. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K