12 May, 2019 11:35:21 PM
കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: രണ്ട് ലക്ഷ്‌കറെ ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ലക്ഷ്‌കറെ ത്വയിബ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. കുല്‍ഗാം സ്വദേശികളായ ജാവിദ് അഹമ്മദ് ഭട്ട്, ആദില്‍ ബഷീര്‍ വാനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വക്താവ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ സൗത്ത് കശ്മീരില്‍ ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇരുവര്‍ക്കുമെതിരെ നിരവധി ഭീകര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്ന് പോലീസ് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീര്‍ താഴ്‌വരയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തുകയും യുവാക്കളെ ഭീകര സംഘടനയില്‍ ചേര്‍ക്കുകയും ചെയ്തിട്ടുള്ളയാളാണ് കൊല്ലപ്പെട്ട ഭട്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സുരക്ഷാ സേനയില്‍ ആര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടില്ല എന്നാണ് വിവരം.