10 May, 2019 03:13:06 PM
ഇവിടെ പ്രവേശനമില്ല: ഇരട്ടതാഴിട്ട് പൂട്ടി ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെ ശൗചാലയങ്ങള്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലെ ശൗചാലയങ്ങള്‍ പൂട്ടികിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ഇടയ്ക്ക് ഏതാനും ദിവസം തുറന്നുകൊടുത്തതല്ലാതെ എന്നും അടഞ്ഞുതന്നെ കിടക്കുന്ന ശൌചാലയത്തിന് ഇപ്പോള്‍ ഇരട്ടപൂട്ട് വീണിരിക്കുകയാണ്. ജോസ്.കെ.മാണി.എം.പി.യുടെ പ്രദേശിക വികസനഫണ്ട് ഉപയോഗിച്ച് 2012-ല്‍ നാല്‍പ്പത്താറര ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സ്റ്റേഷന്‍ കെട്ടിടത്തിലെ യാത്രക്കാര്‍ക്കുള്ള ശൗചാലയങ്ങള്‍ രണ്ടര വര്‍ഷം മുമ്പ് വെള്ളമില്ലാത്തതിന്റെ പേരിലാണ് പൂട്ടിയിട്ടത്. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് വെള്ളം എത്തിയിട്ടും ശൌചാലയം അടഞ്ഞുതന്നെ കിടന്നു.
ടൗണില്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് സൗകര്യങ്ങള്‍ അപര്യാപ്തമായ അവസ്ഥയിലാണ് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന സ്റ്റാന്റിലെ ശൗചാലയങ്ങള്‍ അടച്ചു പൂട്ടിയത്. എം.സി.റോഡ് നവീകരണത്തിനിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയത് കെ.എസ്.ടി.പി നന്നാക്കിയില്ലെന്നായിരുന്നു പ്രധാന ആരോപണം. പ്രശ്‌നം രൂക്ഷമായതിനെതുടര്‍ന്ന് 2018 പിറക്കുന്നതിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി പ്രത്യേകം പൈപ്പുകള്‍ സ്ഥാപിച്ച് സ്റ്റാന്റില്‍ വെള്ളമെത്തിച്ചു. എന്നാല്‍ ഈ വെള്ളം ഒരാവശ്യത്തിനും തികയുന്നില്ലെന്ന് പറഞ്ഞ് തുറന്ന ശൗചാലയങ്ങള്‍ വീണ്ടും പൂട്ടി താക്കോലുമായി കരാര്‍കാരന്‍ സ്ഥലം വിട്ടു.
ശൗചാലയങ്ങള്‍ പൂട്ടിയതോടെ സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇനി ഏക ആശ്രയം മത്സ്യമാര്‍ക്കറ്റിനു സമീപമുള്ള നഗരസഭയുടെ വൃത്തിഹീനമായതും പണം കൊടുത്തു ഉപയോഗിക്കാവുന്നതുമായ ശൗചാലയം മാത്രം. മത്സ്യമാര്‍ക്കറ്റ്, പച്ചക്കറി ചന്ത തുടങ്ങിയവയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ആശ്രയിക്കുന്ന ഇവിടെ യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എത്തിപെടുക എന്നത് ഏറെ ശ്രമകരവും. സ്റ്റാന്റില്‍ നിന്നും അര കിലോമീറററിലധികം ദൂരത്തില്‍ മഹാദേവക്ഷേത്രത്തിനടുത്തുള്ള ദേവസ്വം വക ശൗചാലയങ്ങളാകട്ടെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താനുമാവില്ല.
കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ വെള്ളമെത്തിക്കാന്‍ എം.പി.ഫണ്ടില്‍ നിന്നും തുക അനുവദിച്ചതായി ഒരു വര്‍ഷം മുമ്പ് ജോസ്.കെ.മാണി എം.പി.അറിയിച്ചിരുന്നു. ഭൂജലവകുപ്പ് കുഴല്‍ കിണര്‍ കുഴിച്ച് മോട്ടോറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. എന്നാല്‍ നടപടികള്‍ ഇനിയും എങ്ങുമെത്തിയില്ല.