10 May, 2019 12:48:56 PM
രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന മോദിയുടെ പരാമർശം അസംബന്ധവും ലജ്ജാകരവും - ശരദ് പവാർ
മുംബൈ: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശം അത്യന്തം അസംബന്ധവും ലജ്ജാകരവുമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പ്രധാനമന്ത്രിസ്ഥാനം വഹിക്കുന്ന ഒരാൾക്ക് യോജിക്കാത്ത പരാമർശമാണ് മോദി നടത്തിയതെന്നും പവാർ കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ വിമർശിച്ച് സംസാരിക്കുകയായിരുന്നു ശരദ് പവാർ. ജീവിച്ചിരിപ്പില്ലാത്ത രാജീവ് ഗാന്ധിയെ ഒന്നാം നമ്പർ അഴിമതിക്കാരൻ എന്ന് വിളിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.
ദാരുണമായി കൊല്ലപ്പെട്ട രണ്ട് പ്രധാനമന്ത്രിമാരെ രാജ്യത്തിനു വേണ്ടി സമർപ്പിച്ച കുടുംബമാണത്. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം അത്യന്തം വേദനാജനകമാണ്. വിലമതിക്കാനാകാത്ത സംഭാവനകളാണ് അവർ ഇരുവരും നാടിന് വേണ്ടി നൽകിയിട്ടുള്ളതെന്നും മഹാരാഷ്ട്രയിലെ സതാറയിൽ കർമവീർ ഭാവുറാവു പാട്ടീൽ അനുസ്മരണ യോഗത്തിൽ പവാർ പറഞ്ഞു. രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.