09 May, 2019 05:30:40 PM
കോട്ടയം ജില്ലയില്‍ മൂന്നു പേരില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചു; അവസാനം കണ്ടെത്തിയത് അതിരമ്പുഴയില്‍
കോട്ടയം: ജില്ലയില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്‌ക്കെത്തിയ അതിരമ്പുഴയില്‍നിന്നുള്ള എഴുപത്തഞ്ചുകാരിക്കാണ് രോഗം ബാധിച്ചതായി ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. കൈ മടക്കിനോടു ചേര്‍ന്നുള്ള പാട് ആയിരുന്നു രോഗലക്ഷണം. കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനായി നടത്തുന്ന അശ്വമേധം ഭവനസന്ദര്‍ശന പരിപാടിയുടെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഇവര്‍ പരിശോധനയ്‌ക്കെത്തിയത്.
അശ്വമേധം പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 416006 വീടുകളിലെ 1475239 പേരെ പരിശോധിച്ചു. 3278 പേര്‍ക്ക് തുടര്‍പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. അതത് സ്ഥലങ്ങളിലെ ആശുപത്രികളില്‍ നടത്തുന്ന പരിശോധനയ്ക്കുശേഷം അന്തിമ സ്ഥിരീകരണത്തിനായി മെയ് 13, 14 തീയതികളില്‍ താലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ത്വക്ക് രോഗ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.