06 May, 2019 10:33:02 PM


പ്രസവശേഷം കുട്ടി മരിച്ചു; ഡിസ്ചാര്‍ജ് ചെയ്യാതെ മുങ്ങിയ യുവതിയെ പിടികൂടി വീണ്ടും ആശുപത്രിയില്‍ എത്തിച്ചു

ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിലായിരിന്നു സംഭവം




കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്‌ക്കെക്കെത്തിയ അവിവാഹിതയായ യുവതിയുടെ പ്രസവത്തിന്‌ശേഷം നവജാത ശിശു മരണപ്പെട്ടു. തുടര്‍ന്ന് അടുത്ത ദിവസം ഇവര്‍ പിതാവിനേയും കൂട്ടി ആശുപത്രിയില്‍ നിന്നും മുങ്ങി. ബന്ധപ്പെട്ട അധികൃതര്‍ പോലീസിന്റെ സഹായത്തോടെ യുവതിയേയും പിതാവിനേയും പിടികൂടുകയും യുവതിയെ ആശുപത്രിയില്‍ തുടര്‍ ചികിത്സ നല്‍കുന്നതിന് പ്രവേശിപ്പിക്കുകയും ചെയ്തു.

കോട്ടയം പരിപ്പ് സ്വദേശിനിയും അവിവാഹിതയുമായ 20 കാരിയാണ് പിതാവിനേയും കൂട്ടി ആശുപത്രി വിട്ടത്. കഴിഞ്ഞ ആഴ്ചയിലാണ് പ്രസവചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ യുവതി പ്രസവചികിത്സയ്ക്ക് എത്തിയത്. വെള്ളിയാഴ്ച പ്രസവശേഷം നവജാത ശിശു മരണപ്പെട്ടു. സ്വാഭാവികമരണമാണെന്ന് കരുതി. എന്നാല്‍ ശനിയാഴ്ച ഉച്ചയോടു കൂടി യുവതി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാതെ പിതാവിനേയും കൂട്ടി ആശുപത്രിയില്‍ നിന്നും മുങ്ങി. 

പ്രസവചികിത്സയ്ക്ക് പിതാവിനോടൊപ്പം മാത്രം എത്തിയ ദിവസം മുതല്‍ ഇവരെ ആശുപത്രി ജീവനക്കാര്‍ നീരിക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാതെ ആശുപത്രി വിട്ടു പോയ വിവരം ജീവനക്കാര്‍ സെക്യൂരിറ്റി വിഭാഗത്തെ അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍  ആശുപത്രി കോമ്പൗണ്ടില്‍ നിന്നും വാഹനങ്ങള്‍ പുറത്തേയ്ക്ക് പോകുന്ന ഗയിറ്റില്‍ ഡ്യൂട്ടി ചെയ്യുന്ന സെക്യൂരിറ്റിക്കാര്‍ക്ക് സന്ദേശം നല്‍കി. ഇതിനിടയില്‍ ഇവര്‍ പ്രധാന ഗയിറ്റിലൂടെ വാഹനത്തില്‍ ആശുപത്രി കോമ്പൗണ്ടില്‍ നിന്നും പുറത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചു. ഈ സമയം ഗയിറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പോലീസ് എയ്‌പോസ്റ്റില്‍ വിവരം അറിയിച്ചു. 

ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും, ഇതിനിടയില്‍ ഗൈനക്കോളജി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രി ആബുലന്‍സ് സ്ഥലത്തെത്തി യുവതിയെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് ്‌കൊണ്ടുപോയി. നവജാതശിശു മരണപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാതെ മടങ്ങിപ്പോയതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. തുടര്‍ന്ന് ഗൈനക്കോളജി വിഭാഗം ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ്് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ഇവരെ ഉപദ്രവിച്ചു എന്നു കരുതുന്നയാളിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷം തുടര്‍നടപടികള്‍ ഉണ്ടാകും എന്നറിയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K