02 May, 2019 11:59:56 AM
ബിജെപി അധികാരത്തില്‍ വന്ന ശേഷംകണ്ടത് 942 സ്‌ഫോടനങ്ങള്‍ ; പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി
ദില്ലി: തീവ്രവാദികള്‍ക്ക് ശക്തമായ മറുപടി നല്‍കി സര്‍ജിക്കല്‍ അറ്റാക്ക്, ബലാക്കോട്ട് പോലെയുള്ള സൈനീക തിരിച്ചടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ പ്രചരണായുധമാക്കി ഉപയോഗിക്കുന്ന നരേന്ദ്രമോഡിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കൗണ്ടര്‍ അറ്റാക്ക്. 2014 ല്‍ മോഡി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യം കണ്ടത് 942 സ്‌ഫോടനങ്ങളെന്ന് രാഹുല്‍.
പുല്‍വാമ, പത്താന്‍കോട്ട്, ഉറി ഗാദ്ചിറോളി വരെ ഇന്ത്യയില്‍ 942 വന്‍ സ്‌ഫോടനങ്ങള്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായെന്നും പ്രധാനമന്ത്രി ശരിയായി കാതോര്‍ത്ത് അതെല്ലാം കേള്‍ക്കേണ്ടതാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 2014 മുതല്‍ രാജ്യത്ത് വലിയ സ്‌ഫോടനങ്ങള്‍ ഇല്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുക ആയിരുന്നു രാഹുല്‍. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന പ്രസംഗത്തില്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബലാക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വോട്ട് ചെയ്യണമെന്ന് മോഡി പ്രസംഗിച്ചത് വിവാദമായിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ പ്രധാനമന്ത്രി വോട്ടു ചോദിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലൂം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിക്ക് ക്‌ളീന്‍ചിറ്റ് നല്‍കുകയായിരുന്നു. സേനയുടെ നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മാര്‍ച്ച് 19ന് കമ്മീഷന്‍ രാഷ്ടീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചിരുന്നു. മഹാരാഷ്ര്ടയിലെ ലാത്തൂരില്‍ ഏപ്രില്‍ ഒമ്പതിലെ റാലിയിലായിരുന്നു മോദിയുടെ പ്രസംഗം. കന്നി വോട്ടര്‍മാരോടായിരുന്നു സൈന്യത്തെ ചൂണ്ടി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്