30 April, 2019 01:17:46 PM
ഇരട്ട പൗരത്വം: രാഹുല്‍ ഗാന്ധിയ്ക്ക് ആഭ്യന്തരവകുപ്പിന്‍റെ നോട്ടീസ്; രണ്ടാഴ്ചക്കകം മറുപടി നല്‍കണം
ദില്ലി: ഇരട്ട പൗരത്വം സംബന്ധിച്ച പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്‍റെ നോട്ടീസ്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്. വിദേശപൗരത്വവുമായി ബന്ധപ്പെട്ട സത്യാവസ്ഥ എന്താണെന്ന് രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നോട്ടീസില്‍ പറയുന്നത്.
യുകെയില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനി 2003ല്‍ രജിസ്റ്റര്‍ ചെയ്തതായി സുബ്രഹ്മണ്യം സ്വാമി അറിയിച്ചതായി രാഹുലിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. കമ്പനി വാര്‍ഷിക നികുതി അടച്ച 2005 ഒക്ടോബര്‍ 10, 2006 ഒക്ടോബര്‍ 31 കാലയളവില്‍ രാഹുല്‍ 1970 ജൂണ്‍ 19 നാണ് ജനിച്ചതെന്നും ബ്രിട്ടീഷ് പൗരത്വമുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. 2009 ഫെബ്രുവരി 17ലെ പിരിച്ചുവിടല്‍ അപേക്ഷയിലും രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് പറഞ്ഞതായാണ് കത്തില്‍ സുബ്രഹ്മണ്യം സ്വാമി പറയുന്നത്.