27 April, 2019 11:11:24 PM
ഇന്ത്യക്കാര്‍ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ദില്ലി: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ശ്രീലങ്കയിലേക്ക് അത്യവശ്യ യാത്രകളല്ലാത്തവ ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ നിര്‍ദ്ദേശം.
ശ്രീലങ്കയിലേക്ക് ഒഴിവാക്കാനാകാത്ത യാത്ര ചെയ്യുന്ന പൗരന്‍മാര്‍ ആവശ്യമെങ്കില്‍ സഹായത്തിനായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായോ കാന്‍ഡിയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനുമായോ ഹാമ്പന്‍തോട്ടയിലെയും ജാഫ്‌നയിലെയും കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായത്തിനായി വിളിക്കേണ്ട നമ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ലോകത്തെ നടുക്കിയ സ്‌ഫോടനത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളിയടക്കം ഏഴ് ഇന്ത്യക്കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ലങ്കയില്‍ ഈസ്റ്റര്‍ ദിന ആരാധന നടക്കുകയായിരുന്ന ക്രൈസ്തവ ദേവാലയങ്ങളിലും വിദേശ സഞ്ചാരികള്‍ കുടുതലായി എത്തുന്ന ഹോട്ടലുകളിലുമാണ് വന്‍ സ്‌ഫോടനം നടന്നത്. വിവിധ ഇടങ്ങളിലായി ചാവേറുകള്‍ എത്തി സ്‌ഫോടനം നടത്തുകയായിരുന്നു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.