24 April, 2019 10:22:44 PM
ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണം: കോടതിയുടെ പരാമര്‍ശങ്ങളില്‍ ആശങ്കയറിയിച്ച് പരാതിക്കാരി
ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗീക ആരോപണം അന്വേഷിക്കുന്ന സുപ്രീംകോടതി അന്വേഷണ സമിതിയില്‍ അവിശ്വാസം അറിയിച്ച് പരാതിക്കാരി. മുന്‍ ജീവനക്കാരിക്കൂടിയായ പരാതിക്കാരി ഇത് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് കത്തയച്ചു. കോടതിയുടെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നവ ആണെന്നും, തന്റെ ഭാഗം മകള്‍ക്കാതെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും പരാതിക്കാരി കത്തില്‍ വ്യക്തമാക്കുന്നു.
പരാതിക്കാരിയോട് വെള്ളിയാഴ്ച ഹാജരാകാന്‍ എസ്.എ.ബോബദെയുടെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കത്ത് നല്‍കിയിരിക്കുന്നത്. തന്റെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും അറിയിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയിലെ ഗൂഢാലോചന അന്വേഷിക്കുമെന്നാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഇന്ന് വ്യക്തമാക്കിയത്. വിശദമായ അന്വേഷണം വേണമെന്നും അല്ലെങ്കില്‍ കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. പരാതി ഗൂഢാചോനയുടെ ഭാഗമായോ എന്ന് അന്വേഷിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ചീഫ് ജസ്റ്റിസിനെ ലൈംഗിക പീഡന കേസില്‍ കുടുക്കാനായി വലിയ ഗൂഢാലോചന നടന്നതായും പരാതി ഉന്നയിക്കാന്‍ ഒന്നരകോടി രൂപ വാഗ്ദാനം ലഭിച്ചെന്നും ആരോപിച്ച അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സ് ഇന്ന് സുപ്രീം കേടതിയില്‍ ഹാജരാവുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. കോര്‍പ്പറേറ്റുകളുടെ ഗൂഢാലോചനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനു തെളിവായുള്ള രേഖകള്‍ ഉത്സവ് ബെയ്ന്‍സ് കൈമാറി. എന്നാല്‍ കൂടുതല്‍ തെളിവുകളുമായി പുതിയ സത്യവാങ് മൂലം നാളെ സമര്‍പ്പിക്കാന്‍ ബെയ്ന്‍സനോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നാളത്തേയ്ക്ക് മാറ്റിവച്ചു.
പരാതിക്ക് പിന്നിലെ ആരോപണം അന്വേഷിക്കുന്നതിന് കോടതി വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന്് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍, ഐ.ബി ജോയിന്റ് ഡയറക്ടര്‍, ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ എന്നിവരുമായി മൂന്നംഗ ബഞ്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചിഫ് ജസ്റ്റിസിനെതിരെയുള്ള പരാതിയും ഗൂഢാലോചന അന്വേഷിക്കുന്നതും തമ്മില്‍ കൂട്ടികലത്തരുതെന്നായിരുന്നു അഭിഭാഷക ഇന്ദിര ജയിംസിന്റെ വാദം. എന്നാല്‍ ഇന്ദിരാ ജെയിംസിന്റെ ആവശ്യം പരിഗണിക്കാനല്ല കോടതി ചേര്‍ന്നതെന്നും ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നിലെ ഗൂഢാലോചനയാണ് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ വ്യക്തമാക്കി