22 April, 2019 05:46:21 PM
ഫീസ് അടച്ചില്ല: 30 ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ പുറത്താക്കി; ടിസി കൊറിയര്‍ ചെയ്തു
മുംബൈ: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന 30 വിദ്യാര്‍ത്ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് സ്കൂള്‍ അധികൃതര്‍ കൊറിയര്‍ മുഖേന വീടുകളിലേക്ക് അയച്ചു. മുംബൈ ദഹിസറിലുള്ള രസ്തോംജി ട്രൂപ്പേര്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവം. ഫീസ് കുത്തനെ ഉയര്‍ത്തുന്ന സ്കൂള്‍ അധികൃതരുടെ നടപടിക്കെതിരെ രക്ഷിതാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പരാതിപ്പെടുന്നുണ്ടായിരുന്നു. പൊടുന്നനെയാണ് എല്ലാവര്‍ക്കും മക്കളുടെ ടിസി കൊറിയറായി വീട്ടില്‍ കിട്ടിയത്.
എല്ലാ വര്‍ഷവും 10 ശതമാനം വീതമാണ് സ്കൂള്‍ അധികൃതര്‍ ഫീസ് ഉയര്‍ത്താറുള്ളത്. നഴ്സറി ക്ലാസില്‍ നിന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികളുടെ ഫീസില്‍ 38 ശതമാനം ആണ് വര്‍ദ്ധന. കുട്ടികള്‍ക്ക് അഡ്മിഷന് വേണ്ടി 50000 രൂപ വേറെയും വാങ്ങുന്നുണ്ട്. സ്കൂള്‍ അധികൃതര്‍ക്കെതിരെ ഒരു വര്‍ഷമായി രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും രക്ഷിതാക്കളുടെ വാദം കേള്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പോ മന്ത്രിയോ തയ്യാറായില്ലെന്നും പരാതിയുണ്ട്.
മാര്‍ച്ചിലാണ് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് തവാദെയെ രക്ഷിതാക്കള്‍ അവസാനമായി കണ്ടത്. കുട്ടികളെ പുറത്താക്കരുതെന്ന മുംബൈ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശം അവഗണിച്ചാണ് 30 വിദ്യാര്‍ത്ഥികള്‍ക്കും എതിരെ നടപടിയെടുത്തിരിക്കുന്നത്. ഫീസ് നിര്‍ദ്ദേശം പിടിഎ അംഗീകരിച്ചതാണെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. ഇതനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കാമെന്ന് മുംബൈ ഹൈക്കോടതിയുടെ വിധിയുണ്ടെന്നാണ് ഇവരുടെ മറ്റൊരു വാദം.