21 April, 2019 11:51:23 AM


ബാബരി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ട്; വിവാദ പരാമർശവുമായി ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിം​ഗ്



ദില്ലി: അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിം​ഗ് ഠാക്കൂർ. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് പ്രഗ്യ സിം​ഗ് ഠാക്കൂർ മറ്റൊരു വിവാദപരാമർശവുമായി രം​ഗത്തെത്തിയിരിക്കുന്നത്. വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലായിരുന്നു പ്രഗ്യ സിം​ഗിന്‍റെ തുറന്ന് പറച്ചിൽ.  


ബാബരി മസ്ജിദ് തകർത്തതിൽ താനെന്തിന് പശ്ചാത്തപിക്കണം?. വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണ്. രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. ഞങ്ങൾ അത് നീക്കം ചെയ്തു. ഇത് രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നു. അയോധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. കോൺ​ഗ്രസ് 70 വർഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണിയുക - പ്രഗ്യ സിം​ഗ് ചോദിച്ചു. 


പൊതു ജനങ്ങൾ തനിക്കൊപ്പമുണ്ടെന്നും തന്‍റെ സ്ഥാനാർത്ഥിത്വം അവർക്ക് പ്രചോദനമാണെന്നും പ്ര​ഗ്യ സിം​ഗ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭോപ്പാലിൽനിന്നുള്ള ബിജെപി സ്ഥാനാർത്ഥി താനാണെന്ന് പ്രഖ്യാപിച്ചപ്പോൾ ആത്മവിശ്വാസം ഇരട്ടിയായതായാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ ദിവസം ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രഗ്യ സിം​ഗിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. കോണ്‍ഗ്രസിന്‍റെ പരാതിയില്‍മേലാണ് കേസെടുത്തത്. സമാന പരാമര്‍ശത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഗ്യ സിം​ഗിന് നോട്ടീസയച്ചിരുന്നു. 


2011-ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്‍റെ ശാപം കൊണ്ടാണെന്നായിരുന്നു ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ പറഞ്ഞത്. തന്നെ വേട്ടയാടിയതിന്‍റെ കര്‍മഫലമാണ് ഐ പി എസ് ഉദ്യോഗസ്ഥനായ കര്‍ക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താന്‍ ശപിച്ചിരുന്നെന്നും പ്രഗ്യ പറഞ്ഞു. ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്ര​ഗ്യ പിന്നീട് രം​ഗത്തെത്തുകയും ചെയ്തിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K