17 April, 2019 11:51:11 AM
പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്‍റെ ഗൂഡാലോചന - നിര്‍മലാ സീതാരാമന്‍
ദില്ലി: പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്‍റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാണുന്നതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് എനിക്കറിയില്ല, പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാക്കിസ്ഥാന്റെ സഹായം തേടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. ഇതും അതിന്റെയൊരു ഭാഗമാണോയെന്നാണ് എന്റെ ആശങ്ക. ഇതുകൊണ്ടെന്താണ് അവരുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനാകുന്നില്ല നിര്‍മലാ സീതാരാമന്‍ പറഞ്ഞു.എന്നാല്‍ ഈ അഭിപ്രായം തന്റേത് മാത്രമാണ്. പാര്‍ട്ടിയുടേതോ സര്‍ക്കാരിന്റേതോ അല്ലെന്നും അവര്‍ വ്യക്തമാക്കി.
ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടങ്ങാനുള്ള നല്ലൊരു അവസരമാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ അടുത്ത സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളതാണെങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരമുണ്ടാകുക വിഷമകരമാകും. ബിജെപിയെപ്പോലെ വലതുപക്ഷ പാര്‍ട്ടിയാണ് വിജയിക്കുന്നതെങ്കില്‍ പ്രശ്‌നപരിഹാരം സാധ്യമായേക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
പ്രസ്താവന വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്കും ബിജെപിക്കും എതിരെ രംഗത്ത് വന്നിരുന്നു. മോദി വോട്ട് തേടുന്നത് പാകിസ്താനുവേണ്ടിയാണെന്നും മോദിയുമായി പാകിസ്താന്‍ സഖ്യം ചെയ്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.