03 April, 2019 10:26:32 PM
'ന്യായ്' പദ്ധതിയ്ക്കുള്ള പണം കണ്ടെത്തുന്ന വഴി വെളിപ്പെടുത്തി രാഹുൽ ഗാന്ധി
ദിസ്പൂര്‍: കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 'ന്യായ്' പദ്ധതിയ്ക്കുള്ള പണം കണ്ടെത്തുന്ന വഴി വെളിപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാവല്‍ക്കാരനായ പ്രധാനമന്ത്രിയുടെ കള്ളന്മാരായ ബിസിനസുകാരുടെ പോക്കറ്റില്‍ നിന്ന് പദ്ധതിക്കുള്ള പണം കണ്ടെത്തുമെന്ന് അസമിലെ ബോക്കാഗട്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അധികാരത്തിലെത്തിയാല്‍ രാജ്യത്ത് എല്ലാവര്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഇതിനായി ന്യായ് പദ്ധതി പ്രകാരം പ്രതിവര്‍ഷം 72,000 രൂപ ഇന്ത്യയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം. കോണ്‍ഗ്രസിന്റെ വാഗ്ദാനം പൊള്ളയാണെന്നും ന്യായ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നതെങ്ങനെയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ലെന്നും ബിജെപി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ജനങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്താണ് മോഡി അധികാരത്തിലെത്തിയത്. എന്നാല്‍ അംബാനിയെപ്പോലെ അതിസമ്പന്നരായ ഏതാനം ചില ബിസിനസ്സുകാരുടെ കീശയില്‍ മാത്രമാണ് പണമെത്തിയത്. പണക്കാരുടെ കാവല്‍ക്കാരനായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ പ്രധാനമന്ത്രിയെന്നും രാഹുല്‍ പറഞ്ഞു.