28 March, 2019 10:00:58 AM


ഏറ്റുമാനൂര്‍ ഐടിഐയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കോട്ടയത്ത് സൂര്യതാപം



കോട്ടയം: അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ശരീര താപശോഷണം, സൂര്യതാപത്തിലുള്ള പൊള്ളല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. വേനല്‍ചൂടില്‍ കുടിവെള്ളം കിട്ടാകനിയായതോടൊപ്പം സൂര്യതാപം ഏല്‍പ്പിക്കുന്ന ആഘാതം കൂടിയായപ്പോള്‍ ജനങ്ങള്‍ വലയുകയാണ്. ദിനംപ്രതി സൂര്യതാപം ഏല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു.

വ്യാഴാഴ്ച മാത്രം കോട്ടയത്ത് ഏഴ് പേര്‍ക്കാണ് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ അഞ്ച് പേരും ഏറ്റുമാനൂര്‍ ഗവ.ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍. പട്ടിത്താനത്തും തീക്കോയിയിലും തെള്ളകത്തും ഓരോരുത്തര്‍ക്ക് സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതു കൂടാതെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തി പ്രാഥമികചികിത്സ നടത്തി റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകളുമുണ്ട്. 


ഏറ്റുമാനൂര്‍ ഗവ. ഐടിഐയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക്  വ്യാഴാഴ്ച  സൂര്യാഘാതമേറ്റു. ടര്‍ണര്‍ ട്രേഡ് ട്രയിനികളായ അമരാവതി രണ്ടാം മൈല്‍ വെമ്പള്ളി വീട്ടില്‍ ശ്രീകുട്ടന്‍ ചന്ദ്രന്‍ (23), തൊടുപുഴ പുതുപ്പരിയാരം ചിറ്റൂര്‍ അപ്പാമലയില്‍ അരുണ്‍ ബാബു (20), സര്‍വ്വേയര്‍ ട്രയിനിയായ എറണാകുളം ചെറായി പുത്തന്‍വീട്ടില്‍ രാഹുല്‍ പി.പി (21), സിഓ & പിഎ ട്രയിനി എറണാകുളം ചെറായി ചങ്ങനാടിത്തറ വീട്ടില്‍ ശ്രീരാജ് സി.ബി (18), എംഎംവി ട്രേഡിലെ ട്രയിനി കോട്ടയം വെരൂര്‍ കുന്നന്താനം മുണ്ടേത്ത് വീട്ടില്‍ നാസിഫ് നവാസ് (19) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. 

നാസിഫ് ഒഴികെ ബാക്കി എല്ലാവരും ഐടിഐ കാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്നവരാണ്. ഉച്ചയ്ക്ക് 12 മണിക്ക് ഊണു കഴിക്കാനായുള്ള ഇടവേള സമയത്താണ് ഇവര്‍ക്ക് സൂര്യതാപമേറ്റത്. മൂന്ന് പേര്‍ക്ക് കഴുത്തിനു പിന്‍വശത്തും രണ്ട് പേര്‍ക്ക് കൈകളിലുമാണ് പൊള്ളല്‍ ഏറ്റത്. ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും  നീറ്റലും വേദനയും വിട്ടൊഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു.  

12.15 മണിയോടെ ഊണ് കഴിക്കാന്‍ കൈകഴുകി തിരികെ വന്ന രാഹുലിന്‍റെ കൈകളില്‍ അസ്വഭാവികമായ രീതിയില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഒപ്പം ചൊറിച്ചിലും. ഈ സമയം ഹോസ്റ്റലില്‍ എത്തി കുളി കഴിഞ്ഞിറങ്ങിയ ശ്രീകുട്ടന്‍റെ പിടലിക്ക് പിന്നില്‍ വല്ലാതെ നീറ്റല്‍ അനുഭവപ്പെട്ടു. നാസിഫിന്‍റെ പിടലിക്കും കൈക്കും നീറ്റല്‍ അനുഭവപ്പെടുകയും ശ്രീരാജിന്‍റെ കൈകളില്‍ തടിച്ച് കുരുക്കളും പ്രത്യക്ഷപ്പെട്ടു. ഈ നാല് പേരെയും കൂട്ടി ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടി തിരിച്ച് ഐടിഐയില്‍ വന്ന ശേഷം 2.15 മണിയോടെയാണ് അരുണിന് അസ്വസ്ഥത അനുഭവപ്പെട്ടത്. പിടലിയുടെ പിന്‍ഭാഗം കരുവാളിച്ച് ചൂടും നീറ്റലും അനുഭവപ്പെട്ട അരുണും പിന്നീട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തന്നെ ചികിത്സ തേടി.

ഏറ്റുമാനൂര്‍ പട്ടിത്താനത്ത് ജോലിക്കിടെ സൂര്യതാപം ഏറ്റ അതിരമ്പുഴ ആനമല ചാലാനില്‍ ജോസ് (50) അതിരമ്പുഴ പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സ തേടി. ബുധനാഴ്ച വെയിലത്ത് പുല്ലുചെത്തവെയാണ് സൂര്യതാപമേറ്റത്. പുറത്ത് പൊള്ളലേറ്റ് കുമിളകള്‍ പ്രത്യക്ഷപെട്ടുവെങ്കിലും സൂര്യതാപമേറ്റതാണെന്ന് കരുതിയില്ല. വ്യാഴാഴ്ച ആശുപത്രിയില്‍ എത്തി പിരശോധിച്ചപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ജല അതോറിറ്റിയുടെ പൈപ്പ് ഇടുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന മാന്നാനം സ്വദേശി മനോജിന് ഏറ്റുമാനൂരില്‍വെച്ച് സൂര്യതാപമേറ്റിരുന്നു. കൈകളിലും ശരീരത്തും തലയിലും പൊള്ളലേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. 

തീക്കോയിയിൽ മധ്യവയസ്കന് സൂര്യാഘാതമേറ്റു. മരവിക്കല്ല് സ്വദേശി വയലിൽ രാജു എന്നയാൾക്കാണ് പൊള്ളലേറ്റത്.  രാവിലെ 10 മണിയോടെ വീടിന് സമീപം പുരയിടത്തിൽ ജോലിയിലായിരുന്ന രാജുവിന് പൊള്ളലേൽക്കുകയായിരുന്നു. ഉടൻ തന്നെ തീക്കോയിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി. രാജുവിന്‍റെ ശരീരം ചുവന്ന് തടിച്ച അവസ്ഥയിലാണ്. കഴുത്തിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.


തെള്ളകത്ത് ഒരു യുവതിക്ക് സൂര്യതാപമേറ്റിരുന്നു. കാരിത്താസ് കവലയില്‍ ബസ് കയറാന്‍ നില്‍ക്കവെ രാവിലെ 8.30 മുതല്‍‍ 9 മണി വരെ വെയില്‍ കൊണ്ടതായി തെള്ളകം വട്ടമലയില്‍ നിസാമിന്‍റെ ഭാര്യ അഖില (26) പറയുന്നു. കുറവിലങ്ങാട് പോയി തിരികെ എത്തിയശേഷമാണ് അഖിലയുടെ മുഖത്തിന്‍റെ ഒരു വശം മുഴുവന്‍ പൊള്ളി കരുവാളിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K