26 March, 2019 10:54:12 PM


അരുണാചല്‍ പ്രദേശ് നിയമസഭയിലെ രണ്ട് സീറ്റില്‍ ബി.ജെ.പിക്ക് എതിരില്ലാത്ത ജയം




ഇറ്റാനഗര്‍: പൊതു തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. ഇവിടെ ബി.ജെ.പിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആലോ ഈസ്റ്റ്, യാചുലി മണ്ഡലങ്ങളിലേക്കാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ആലോ ഈസ്റ്റില്‍ നിന്ന് കെന്റോ ജിനി, യാചുലിയില്‍ നിന്ന് തബ ടെദിര്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.


ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ബി.ജെ.പിയുടെ വിജയക്കുതിപ്പ് അരുണാചല്‍ പ്രദേശില്‍ നിന്ന് തുടങ്ങിയെന്നും ആലോ ഈസ്റ്റ്, യാചുലി മണ്ഡലങ്ങളില്‍ ബി.ജെ.പി എതിരില്ലാതെ വിജയിച്ചുവെന്നും രാംമാധവ് ട്വീറ്റ് ചെയ്തു. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 11നാണ് അരുണാചല്‍ നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയിലേക്കാണ് അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K