26 March, 2019 08:52:26 PM
ജാമ്യത്തിൽ ഇറങ്ങി മുങ്ങി, 23 വർഷത്തിന് ശേഷം പിടിയിലായി; മറ്റൊരു പ്രതി 15 വര്‍ഷം കഴിഞ്ഞും
കോട്ടയം: വാഹനമോഷണക്കേസില്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 23 വർഷത്തിന് ശേഷം പിടിയിലായി. ഒപ്പം അടിപിടി കേസിലെ പ്രതി പിടിയിലായത് പതിനഞ്ച് വര്‍ഷങ്ങൾക്കുശേഷവും. ജില്ലയിലെ ഗാന്ധിനഗര്‍, മുണ്ടക്കയം സ്റ്റേഷനുകളിലാണ് പ്രതികള്‍ പിടിയ്ക്കപ്പെട്ടത്.
ഗാന്ധിനഗർ സ്റ്റേഷനിൽ 1996 ൽ വാഹനമോഷണക്കേസിലെ പ്രതിയായ തൃപ്പൂണിത്തുറ തെക്കുംഭാഗം അയ്യങ്കാളി റോഡിൽ ചാരത്തുണ്ടിയിൽ ശ്രീധരൻ മകൻ സിനിൽ ആണ് 23 വർഷത്തിന് ശേഷം ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ്മേധാവി ഹരിശങ്കർ, കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെയും നിർദേശാനുസരണം ഗാന്ധിനഗർ സി.ഐ കെ ധനപാലൻ രൂപീകരിച്ച സ്കാഡിലെ അംഗങ്ങളായ സി.പി.ഓ ഷൈൻ, പി.എസ് നിയാസ്, ടി.എച് ഷൈനു, സുനിൽകുമാർ ആർ. എന്നിവർ ചേർന്നാണ് തൃപ്പൂണിത്തറ നിന്നും പ്രതിയെ പിടികൂടിയത്.
2003ൽ മുണ്ടക്കയത്ത് വച്ചുണ്ടായ അടിപിടി കേസിലെ പ്രതിയായ മുണ്ടക്കയം കരിനിലം ഭാഗത്ത് താമസിച്ചിരുന്ന കുളങ്ങരത്ത് വീട്ടിൽ പ്രകാശൻ എന്നയാളാണ് പതിനഞ്ചിൽപരം വർഷങ്ങൾക്കു ശേഷം പിടിയിലായത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി മധുസൂദനന്‍റെ നിർദ്ദേശപ്രകാരം മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ ബൈജു ജോസ്, എസ്.ഐ ജോസി ടി കെ, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ ജോബി ജോസഫ്, അനൂപ് ആർ, സുമിഷ് എന്നിവർ ചേർന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും പിടികൂടുകയായിരുന്നു.