23 March, 2019 06:55:05 PM
ലക്ഷ്യം ശുചിത്വനഗരം; പക്ഷെ ഏറ്റുമാനൂര്‍ നഗരവീഥികളിലൂടെ സഞ്ചരിക്കാന്‍ മൂക്ക് പൊത്തണം
ഏറ്റുമാനൂര്‍: സമ്പൂര്‍ണ്ണശുചിത്വനഗരമായി ഏറ്റുമാനൂരിനെ മാറ്റാനുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമാകുമ്പോഴും നഗരഹൃദയം ചീഞ്ഞുനാറുന്നു. ടെമ്പിള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ അഴുകി മൂക്ക് പൊത്താതെ ഇതുവഴി നടക്കാന്‍ പറ്റില്ല എന്ന അവസ്ഥയില്‍ എത്തിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം മാലിന്യം ആര് നീക്കും എന്നതിനെചൊല്ലിയുള്ള തര്‍ക്കവും ഉടലെടുത്തു.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടായ മാലിന്യങ്ങളാണ് റോഡിനോട് ചേര്‍ന്ന് ഒരു പുരയിടത്തില്‍ കുന്നു കൂട്ടിയിരിക്കുന്നത്. പ്ലാസ്റ്റിക്കിലും ചാക്കുകളിലും പൊതിഞ്ഞ മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം പരക്കുകയാണ്. നഗരസഭയ്ക്ക് ഹരിതകര്‍മ്മസേനയും ശുചീകരണതൊഴിലാളികളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും മാലിന്യം നീക്കുന്നതില്‍ പരാജയപ്പെടുന്നതെന്തേ എന്നാണ് നാട്ടുകാരുടെ ചോദ്യം. ക്ഷേത്രമൈതാനവും ടെമ്പിള്‍ റോഡും ഉത്സവകച്ചവടത്തിന് ലേലം ചെയ്തു നല്‍കിയതുവഴി പണമുണ്ടാക്കിയത് ദേവസ്വം ആണെന്നും അതുകൊണ്ട് മാലിന്യം നീക്കേണ്ടത് ക്ഷേത്രം അധികൃതരുടെ ചുമതലയാണെന്നുമാണ് നഗരസഭയുടെ വാദം.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി നഗരസഭ സ്ഥാപിച്ച ദിശാബോര്‍ഡും ഇളക്കിമാറ്റി ഈ മാലിന്യത്തിന്റെ കൂടെ ഇട്ടിട്ടുണ്ട്. ഇതിനിടെ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നഗരസഭാ ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ കണ്ട് മാലിന്യം കൂട്ടിയിടുന്നതിലുള്ള പ്രതിഷേധം അറിയിച്ചു. ദേവസ്വം ബോര്‍ഡാണ് മാലിന്യം മാറ്റേണ്ടതെന്നും, എന്നാല്‍ പ്രദേശവാസികളുടെ ആരോഗ്യപ്രശ്‌നം കണക്കിലെടുത്ത് നഗരസഭ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതാണെന്നും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നഗരഹൃദയത്തില്‍ വില്ലേജ് ഓഫീസിന് പിന്നില്‍ ഒരു പുരയിടത്തില്‍ കുന്നുകൂട്ടിയിരുന്ന മാലിന്യത്തിന് തീ പിടിച്ച് ടൗണില്‍ പുക നിറഞ്ഞത് ഒട്ടേറെ പേര്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. എം.സി.റോഡരികില്‍ കൈതമല പള്ളിക്ക് സമീപവും ഇതുപോലെ മാലിന്യം കുന്നുകൂടികിടക്കുന്നുണ്ട്. നഗരസഭാ ആസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മത്സ്യമാര്‍ക്കറ്റ് ടൗണില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒട്ടും കുറവല്ലെന്നിരിക്കെയാണ് മറ്റിടങ്ങളിലും മാലിന്യം ഇങ്ങനെ അടിഞ്ഞുകൂടുന്നത്.