23 March, 2019 12:00:03 PM
ജോര്‍ജ് പുല്ലാട്ട് ഏറ്റുമാനൂര്‍ നഗരസഭയുടെ ചെയര്‍മാന്‍; എല്‍ഡിഎഫും ബിജെപിയും തോല്‍വി ഏറ്റുവാങ്ങി
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ നാലാമത് ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ് (എം)ലെ ജോര്‍ജ് പുല്ലാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗങ്ങളുടെയും മൂന്ന് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ 17 വോട്ട് നേടിയാണ് ജോര്‍ജ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബോബന്‍ ദേവസ്യയ്ക്ക് പത്തും ബിജെപി സ്ഥാനാര്‍ത്ഥി ഗണേശ് ഏറ്റുമാനൂരിന് അഞ്ച് വോട്ടും ലഭിച്ചു.
യുഡിഎഫിന്‍റെ പിന്‍തുണയോടെ ആറ് മാസം ചെയര്‍മാനായിരുന്ന ജോയി ഊന്നുകല്ലേല്‍ മുന്‍ധാരണപ്രകാരം രാജി വെച്ച ഒഴിവിലേക്കാണ് ജോര്‍ജ് പുല്ലാട്ട് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് - 9, കേരളാ കോണ്‍ഗ്രസ് - 5 എന്നിങ്ങനെയാണ് യുഡിഎഫിലെ കക്ഷിനില. സിപിഎം - 11, സിപിഐ -1 എന്നിങ്ങനെയാണ് എല്‍ഡിഎഫിലെ കക്ഷിനില എങ്കിലും രണ്ട് സിപിഎം അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫ് - ബിജെപി പിന്തുണയോടെ മത്സരിക്കാന്‍ തയ്യാറായി രംഗത്ത് വന്ന സ്വതന്ത്ര അംഗം ബീനാ ഷാജിയും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.
സ്വതന്ത്രരായി ജയിച്ച കൌണ്‍സിലര്‍മാര്‍ ആരെങ്കിലും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ എല്‍ഡിഎഫും ബിജെപിയും ആദ്യം കരുക്കള്‍ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നാം വാര്‍ഡില്‍ നിന്നുള്ള സ്വതന്ത്ര അംഗം താന്‍ മത്സരിക്കാന്‍ പോകുന്നതായി അറിയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കളം മാറി മറിഞ്ഞു. പരാജയപ്പെടുമെന്ന് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുതന്നെ ബിജെപിയും എല്‍ഡിഎഫും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.
എല്‍ഡിഎഫിന്‍റെ പുതിയ നീക്കം യുഡിഎഫിനെ സഹായിക്കാനുള്ള തന്ത്രമാണെന്ന് ഇതിനിടെ ആരോപണമുയര്‍ന്നു. ഇതേ കാരണത്താലാണ് രണ്ട് സിപിഎം അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നതും. തന്നെ കൊതിപ്പിച്ച മുന്നണികള്‍ക്കും യുഡിഎഫിനും വോട്ടു ചെയ്യില്ലാ എന്ന കാരണത്താല്‍ ബീനാ ഷാജിയും യോഗത്തില്‍ പങ്കെടുത്തില്ല. ഇത് ജോര്‍ജ് പുല്ലാട്ടിന് ചെയര്‍മാന്‍ സ്ഥാനത്തെത്താനുള്ള വഴി എളുപ്പമാക്കി.
ഗ്രാമപഞ്ചായത്തായിരുന്ന ഏറ്റുമാനൂര്‍ നഗരസഭയായി മൂന്ന് വര്‍ഷം പിന്നിട്ടതിനിടെ നാലാമത് ചെയര്‍മാനാണ് ജോര്‍ജ് പുല്ലാട്ട്. ഗ്രാമസഭയുടെ അവസാനപ്രസിഡന്‍റും ഇദ്ദേഹം തന്നെയായിരുന്നു. നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ ആയിരുന്നു ചെയര്‍മാന്‍. പിന്നീട് സ്വതന്ത്രന്മാരായ ചാക്കോ ജോസഫും (ജോയി മന്നാമല) ജോയി ഊന്നുകല്ലേലും ആറ് മാസം വീതം കസേര പങ്കിട്ടു. മുന്‍ധാരണ അനുസരിച്ച് ഒരു വര്‍ഷമാണ് ജോര്‍ജ് പുല്ലാട്ടിന്‍റെ കാലാവധി. ഇതിനു ശേഷം കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കനുവേണ്ടി സ്ഥാനം ഒഴിയണം. ഫലത്തില്‍ അഞ്ച് ചെയര്‍മാന്‍മാരെ കൊണ്ടാകും നഗരസഭ അഞ്ച് വര്‍ഷം പിന്നിടുന്നത്.