22 March, 2019 06:19:24 PM
ഏറ്റുമാനൂര്‍ നഗരസഭ: നാലാമത് ചെയര്‍മാന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നാളെ
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ നാലാമത് ചെയര്‍മാന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 11ന് കൌണ്‍സില്‍ ഹാളില്‍ നടക്കും. ചെയര്‍മാനായിരുന്ന ജോയ് ഊന്നുകല്ലേല്‍ ആറ് മാസത്തെ ഭരണശേഷം രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിലെ മുന്‍ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോര്‍ജ് പുല്ലാട്ടിന് വേണ്ടിയാണ് സ്വതന്ത്രനായ ജോയി ഊന്നുകല്ലേല്‍ കസേര ഒഴിഞ്ഞു കൊടുത്തത്. എല്‍ഡിഎഫും ബിജെപിയും പിന്തുണച്ചാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് അറിയിച്ച് സ്വതന്ത്ര അംഗം ബീനാ ഷാജിയും രംഗത്തുണ്ട്.
ചെയര്‍മാനായിരുന്ന ജോയി ഊന്നുകല്ലേല്‍ രാജിവെച്ച പിന്നാലെ നഗരസഭയുടെ സാരഥ്യം വീണ്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ കൈകളിലേക്ക് എത്തിക്കാനുള്ള ചരടുവലികള്‍ നടന്നിരുന്നു. രാജിവെച്ച ചെയര്‍മാനെ പിന്തുണ നല്‍കി വീണ്ടും രംഗത്തെത്തിക്കാന്‍ എല്‍ഡിഎഫ് പാളയത്തില്‍ ശ്രമം നടന്നിരുന്നുവെങ്കിലും വിജയം കണ്ടില്ല. ഇതിനിടെ മൂന്നാം വാര്‍ഡില്‍ നിന്നുള്ള സ്വതന്ത്ര അംഗം ബീനാ ഷാജി രംഗത്തെത്തുകയായിരുന്നു. ബീനാ ഷാജി സ്ഥാനാര്‍ത്ഥിയായി സ്വയം നാമനിര്‍ദ്ദേശപത്രിക നല്‍കുകയും മറ്റൊരു സ്വതന്ത്ര അംഗം പിന്താങ്ങുകയും ചെയ്താല്‍ പിന്തുണ നല്‍കാനായിരുന്നു ബിജെപിയുടെയും എല്‍ഡിഎഫിന്‍റെയും ആദ്യനീക്കം.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫും ബിജെപിയും ഒരാള്‍ക്ക് വോട്ട് ചെയ്താല്‍ അത് ഏത് നിലയില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന ആശങ്ക ഉടലെടുത്തതാണെന്ന് പറയപ്പെടുന്നു, ഇരുകൂട്ടരും അവസാനനിമിഷം സ്വതന്ത്രരെ പിന്തുണയ്ക്കുന്നതില്‍ നിന്നും പിന്മാറി. അഥവാ അങ്ങിനെ സംഭവിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് യുഡിഎഫ്. സ്വതന്ത്രനെ പിന്തുണയ്ക്കുന്നതില്‍ നിന്നും പിന്നോട്ട് മാറി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരാജയപ്പെടാനുള്ള ഇരുമുന്നണികളുടെയും നീക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാനാണെന്ന ആരോപണവും കൌണ്‍സിലര്‍മാര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്.
ബീനാ ഷാജി ചെയര്‍മാനായാല്‍ നിലവിലെ വൈസ് ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് പ്രതിനിധിയുമായ ജയശ്രീ ഗോപിക്കുട്ടന്‍റെ കസേര തെറിക്കും. പകരം ആ സ്ഥാനത്തേക്ക് 19-ാം വാര്‍ഡില്‍നിന്നുള്ള സ്വതന്ത്ര അംഗം വി.സി. റീത്താമ്മയെ അവരോധിക്കാനും നീക്കം നടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നത്. ഇവര്‍ക്ക് മുന്‍ചെയര്‍മാന്‍മാരായ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയും ലഭിക്കും. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍ ബിജെപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാവും എന്നാണ് അറിയുന്നത്. എല്‍ഡിഎഫിന്‍റെ കാര്യത്തില്‍ ശനിയാഴ്ച രാവിലെ നടക്കുന്ന യോഗത്തിലേ തീരുമാനമാകു.
പുതിയ നഗരസഭയില്‍ ആദ്യചെയര്‍മാനായി കോണ്‍ഗ്രസിലെ ജയിംസ് തോമസ് രണ്ട് വര്‍ഷം പിന്നിട്ടശേഷം ആറ് മാസം വീതം ചെയര്‍മാന്‍റെ കസേര പങ്കിട്ടത് സ്വതന്ത്രന്മാരായ ജോയി മന്നാമലയും ജോയി ഊന്നുകല്ലേലും ആയിരുന്നു. ഭരണം യുഡിഎഫിനാണെങ്കിലും സ്ഥിരം സമിതികളില്‍ പ്രധാനമായത് രണ്ടെണ്ണത്തിലും സിപിഎം പ്രതിനിധികളാണ് ചെയര്‍മാന്‍മാര്‍. വികസനകാര്യത്തില്‍ പി.എസ്.വിനോദും ആരോഗ്യകാര്യസ്ഥിരം സമിതിയില്‍ ടി.പി.മോഹന്‍ദാസും. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിയ അധ്യക്ഷന്‍ ബിജെപിയിലെ ഗണേശ് ഏറ്റുമാനൂരും. മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു.