19 March, 2019 04:57:17 PM
പത്ത് വയസുകാരന്‍ വീട് വിട്ടിറങ്ങി; വീട്ടുകാരും നാട്ടുകാരും മുള്‍മുനയില്‍ നിന്നത് മണിക്കൂറുകളോളം
ഏറ്റുമാനൂർ: വീടുവിട്ടിറങ്ങിയ പത്തു വയസുകാരൻ മണിക്കുറുകളോളം നാടിനെ മുൾ മുനയിലാക്കി. ഒടുവിൽ തൊടുപുഴയിൽ നിന്നു കുട്ടിയെ പൊലീസ് കണ്ടെത്തി. തൊടുപുഴ പൂമാല ഗവ.സ്കൂളിലെ വിദ്യാര്‍ത്ഥിയായ കുട്ടി അവധിക്ക് തെള്ളകത്തു മാതാപിതാക്കൾ ജോലിക്കു നിൽക്കുന്ന വീട്ടിൽ എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് കുട്ടിയെ കാണാതായത്.
വീട്ടുകാരുടെ പരാതിയെതുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം തുടങ്ങി. വീടിന് പരിസരത്തെ സി.സി.ടി.വികള്‍ പരിശോധിച്ചതിൽ നിന്നു കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി ഓടിപോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഏറ്റുമാനൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കുട്ടി കയറിപോകുന്നത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പൊലീസ് ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരത്തും അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കുട്ടി കയറിയ ബസ് കണ്ടെത്തുകയും കണ്ടക്ടറോട് വിവരങ്ങൾ തിരക്കിയപ്പോൾ കുട്ടി ബസിൽ കയറിയതായും 200 രൂപ നൽകിയാണ് ടിക്കറ്റ് എടുത്തതെന്നുമുള്ള വിവരങ്ങൾ ലഭിച്ചു.
പിതാവിന്‍റെ തൊടുപുഴയിലെ വീട്ടിലേക്കു പോകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആ വഴിക്കായി പിന്നീട് അന്വേഷണം. അങ്ങിനെ തൊടുപുഴയിലെ പൂമാനം എന്ന സ്ഥലത്തു നിന്നു വൈകിട്ട് ആറ് മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. രക്ഷകര്‍ത്താക്കള്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണത്രേ കുട്ടി വീട് വിട്ടിറങ്ങിയത്.