19 March, 2019 09:55:01 AM
ഗോവയിൽ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പനജി: ഗോവയിൽ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അർദ്ധരാത്രിവരെ നീണ്ട നാടകീയതകൾക്ക് ഒടുവിലായിരുന്നു സത്യപ്രതിജ്ഞ. ഡോ.പ്രമോദ് സാവന്ത്,പരീക്കറുടെ പിൻഗാമി. ഒരുദിവസം നീണ്ട് നിന്ന അനിശ്ചിതങ്ങൾക്കൊടുവിലാണ് ഗോവയിൽ ചിത്രം വ്യക്തമായത്.പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും ഘടക കക്ഷികളുടെ അവകാശവാദങ്ങൾ നടപടികൾ വീണ്ടും വൈകിപ്പിച്ചു.
രണ്ട് ഘടകകക്ഷികളുടെ എംഎൽഎമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെ കേന്ദ്ര നിരീക്ഷകൻ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ അർദ്ധരാത്രി 12 മണിയോടെ രാജ്ഭവനിലെത്തി. ഗോവ പോലെ ചെറിയ സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന ഘടകകക്ഷികളുടെ ആവശ്യത്തെ ബിജെപി എതിർത്തെങ്കിലും സമ്മർദ്ദം ശക്തമായപ്പോൾ വഴങ്ങി.ബിജെപി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലും ഭിന്നത ഉയർന്നു.
പ്രമോദ് സാവന്തിനൊപ്പം ,വിശ്വിജിത്ത് റാണെ ,സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൾക്കർ എന്നിവരുടെ പേരും ഉയർന്നതോടെ ചർച്ചകൾ നീണ്ടു.വൈകിട്ട് അമിത്ഷാ എത്തി എംഎൽഎമാരെ കണ്ടതിന് ശേഷമാണ് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതിനിടെ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തിയതും തീരുമാനം വേഗത്തിലാക്കാൻ ബിജെപിയെ നിർബന്ധിതരാക്കി.
പരീക്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്.ചാഞ്ചാടി നിൽക്കുന്ന ഗോവ രാഷ്ട്രീയത്തിന്‍റെ അമരത്ത് എത്തുമ്പോൾ ഈ യുവ നേതാവിന് മുന്നിൽ വെല്ലുവിളികൾ നിരവധി.ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ താത്കാലികമായി അവസാനിച്ചെങ്കിലും രണ്ട് ഘടകകക്ഷികളെയും മൂന്ന് സ്വതന്ത്രരെയും ഒപ്പം നിർത്തി ഭൂരിപക്ഷം തെളിയിക്കുകയാകും ആദ്യ പരീക്ഷണം.മറുഭാഗത്ത് ഗോവ പിടിക്കാൻ ശക്തമായ നീക്കങ്ങളാണ് കോണ്‍ഗ്രസ് അണിയറയിൽ നടത്തുന്നത്.