17 March, 2019 10:20:09 PM
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിടവാങ്ങി; സംസ്കാരം തിങ്കളാഴ്ച വൈകിട്ട് പനജിയില്‍
പനജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. അര്‍ബുദരോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായി (2000-05, 2012-14, 2017-2019). മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍, ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു.
മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ എന്ന മനോഹർ പരീക്കർ 1955 ഡിസംബർ 13ന് ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ആർഎസ്എസിൽ ആകൃഷ്ടനായി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകും മുമ്പ് തന്നെ പരീക്കർ ആർഎസ്എസിന്‍റെ നേതൃനിരയിലേക്ക് ഉയർന്നിരുന്നു. വിദ്യാഭ്യാസവും സംഘബന്ധവും ഒരുപോലെ കൊണ്ടുപോയ മനോഹർ പരീക്കർ പിന്നീട് ബോംബെ ഐഐടിയിൽ നിന്ന് മെറ്റലർജിക്കിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടി.
ഉന്നത പഠനത്തിന് ശേഷം പരീക്കർ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ആർഎസ്എസിൽ നിന്ന് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ട പരീക്കർ 1994ൽ ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐഐടി പശ്ചാത്തലമുള്ള രാജ്യത്തെ ആദ്യ എംഎൽഎ ആയിരുന്നു അദ്ദേഹം. 1999ൽ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയർന്നു. 2000 മുതൽ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ൽ ഗോവൻ മുഖ്യമന്ത്രിയായി പരീക്കറിന് രണ്ടാം ഊഴമെത്തി. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രതീക്ഷിതമായാണ് മനോഹർ പരീക്കറെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിയത്.
2014ൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് മനോഹർ പരീക്കർ ആയിരുന്നു. 2014ൽ തന്നെ അദ്ദേഹം യുപിയിൽ നിന്ന് രാജ്യസഭയിലെത്തി. എതിരില്ലാതെയാണ് പരീക്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ വിശ്വസ്തനായ പരീക്കറെ തന്നെ ദില്ലിയിൽ വേണമെന്ന നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിർബന്ധബുദ്ധിയാണ് മനോഹർ പരീക്കറുടെ ദേശീയ രാഷ്ട്രീയ പ്രവേശത്തിന് നിയോഗമായത്. തുടക്കത്തിൽ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും പാർട്ടിയിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് മനോഹർ പരീക്കർ പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുത്തു. തുടർന്ന് 2017 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു മനോഹർ പരീക്കർ.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ അർദ്ധരാത്രിയിലെ അട്ടിമറിക്ക് ശേഷം വീണ്ടും ഗോവയിലേക്ക് ബിജെപിയുടെ ദൗത്യവുമായി പരീക്കർ എത്തി. കോൺഗ്രസിനും പിന്നിൽ പോയിട്ടും ബിജെപി സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ ആ രാത്രിക്ക് ശേഷം ഗോവയുടെ മുഖ്യമന്ത്രിയായി മൂന്നാമൂഴം. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലാതിരുന്ന മനോഹർ പരീക്കറിന് അത് വലിയ ആശ്വാസവുമായി. അവസാന ശ്വാസം വരെ ഗോവയിൽ ബിജെപിയെ മനോഹർ പരീക്കർ അധികാരത്തിലിരുത്തി. ഗുരുതര രോഗം അലട്ടിയപ്പോഴും അദ്ദേഹം പാർട്ടിയിലും സർക്കാർ ചടങ്ങുകളിലും സജീവമായിരുന്നു. ബിജെപിയുമായി രാഷ്ട്രീയമായി വിയോജിക്കുന്നവർക്ക് പോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹർ പരീക്കർ.
പരീക്കറുടെ ആരോഗ്യനില മോശമായതോടെ തന്നെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിക്കായി തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഭരണം ലക്ഷ്യമിട്ട് കോൺഗ്രസിലും നീക്കങ്ങൾ സജീവമാണ്. മനോഹർ പരീക്കറുടെ നിര്യാണത്തോടെ ഗോവ ഒരു വട്ടം കൂടി നാടകീയ നീക്കങ്ങൾക്ക് വേദിയാകുന്ന രാഷ്ട്രീയസാഹചര്യമാണ് രൂപപ്പെടുന്നത്.