13 March, 2019 09:45:09 PM
സ്കൂള്‍ സ്റ്റോര്‍ റൂമില്‍ ആലിംഗനബദ്ധരായി പ്രിന്‍സിപ്പലും അധ്യാപികയും; നടപടിയുമായി അധികൃതര്‍
ബംഗളുരു: സ്‌കൂള്‍ സ്റ്റോറൂം പ്രണയം പങ്കിടാനുള്ള വേദിയാക്കിയ അധ്യാപികയ്ക്കും പ്രിന്‍സിപ്പലിനുമെതിരേ നടപടിയെടുത്ത് സ്‌കൂള്‍ അധികൃതര്‍. ഇരുവരും ആലിംഗന ബദ്ധരായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം.
സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരായത് ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ആരോ ജനാല വഴി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെയാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു.
ഈ സ്‌കൂളില്‍ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും കുട്ടികള്‍ക്ക് എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നതെന്നും ഇരുവരുടെയും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി. സംഭവത്തില്‍ ജില്ലാ കളക്ടറും ഇടപെട്ടു.