13 March, 2019 09:09:28 PM
ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 23ന്: മത്സരത്തിന് സ്വതന്ത്രയും; യുഡിഎഫില്‍ ആശയക്കുഴപ്പം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ ചെയര്‍മാന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് 23ന് നടക്കും. യുഡിഎഫുമായുള്ള മുന്‍ധാരണപ്രകാരം ചെയര്‍മാനായിരുന്ന ജോയ് ഊന്നുകല്ലേല്‍ രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ധാരണപ്രകാരം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോര്‍ജ് പുല്ലാട്ടിനാണ് ഇനി സ്ഥാനം ലഭിക്കേണ്ടത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം യുഡിഎഫിലുണ്ടാക്കിയ പ്രതിസന്ധി ഏറ്റുമാനൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇതിനിടെ നഗരസഭയുടെ സാരഥ്യം വീണ്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ കൈകളിലേക്ക് എത്തിക്കാനുള്ള ചരടുവലികളും നടക്കുന്നുണ്ട്. രാജിവെച്ച ചെയര്‍മാനെ പിന്തുണ നല്‍കി വീണ്ടും രംഗത്തെത്തിക്കാന്‍ എല്‍ഡിഎഫ് പാളയത്തില്‍ ശ്രമം നടന്നിരുന്നു. ജോയ് ഊന്നുകല്ലേല്‍ വഴങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കെ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്രയായി ജയിച്ച ബീനാ ഷാജി രംഗപ്രവേശം ചെയ്തത് യുഡിഎഫിനും കേരളാ കോണ്‍ഗ്രസിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ബീനാ ഷാജി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയാല്‍ എല്‍ഡിഎഫും ബിജെപിയും പിന്തുണയ്ക്കുമെന്നാണ് ബന്ധപ്പെട്ട നേതാക്കള്‍ പറയുന്നത്. ബീനാ ഷാജി ചെയര്‍മാനായാല്‍ നിലവിലെ വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടന്റെ കസേര തെറിക്കും. പകരം ആ സ്ഥാനത്തേക്ക് മറ്റൊരു സ്വതന്ത്ര വി.സി. റീത്താമ്മയെ അവരോധിക്കാനും നീക്കം നടക്കുന്നുണ്ട്. മൂന്നാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് ബീന ഷാജി. റീത്താമ്മ 19-ാം വാര്‍ഡിനെയും പ്രതിനിധീകരിക്കുന്നു.
പുതിയ നഗരസഭയില്‍ ആദ്യചെയര്‍മാനായി കോണ്‍ഗ്രസിലെ ജയിംസ് തോമസ് രണ്ട് വര്‍ഷം പിന്നിട്ടശേഷം ആറ് മാസം വീതം ചെയര്‍മാന്റെ കസേര പങ്കിട്ടത് രണ്ട് സ്വതന്ത്രന്‍മാരായിരുന്നു. യുഡിഎഫ് പിന്തുണയോടെയായിരുന്നു സ്വതന്ത്രന്മാരായ ജോയി മന്നാമലയും ജോയി ഊന്നുകല്ലേലും ആറ് മാസം വീതം ഭരിച്ചത്. ഭരണം യുഡിഎഫിനാണെങ്കിലും സ്ഥിരം സമിതികളില്‍ പ്രധാനമായത് രണ്ടെണ്ണത്തിലും സിപിഎം പ്രതിനിധികളാണ് ചെയര്‍മാന്‍മാര്‍. വികസനകാര്യത്തില്‍ പി.എസ്.വിനോദും ആരോഗ്യകാര്യസ്ഥിരം സമിതിയില്‍ ടി.പി.മോഹന്‍ദാസും. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിയ അധ്യക്ഷന്‍ ബിജെപിയിലെ ഗണേശ് ഏറ്റുമാനൂരും.
മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ആദ്യചെയര്‍മാന്‍ ജയിംസ് തോമസ് രാജിവെച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്‌സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്‌സണായി.