13 March, 2019 05:51:34 PM
ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു: വിദ്യാര്‍ത്ഥികള്‍ ലോറി തകര്‍ത്തു; കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ (VIDEO)
ഏറ്റുമാനൂര്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. മരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ള സംഘം പോലീസ് സ്റ്റേഷന്‍ വളഞ്ഞ് സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന ലോറി അടിച്ചു തകര്‍ത്തു. കുറുപ്പന്തറയില്‍ ഇന്ന് 11.30 മണിയോടെ ഉണ്ടായ അപകടത്തില്‍ കൂവപ്പാടം കൊച്ചിന്‍ കോളേജ് ബിബിഎ വിദ്യാര്‍ത്ഥിയായ കൊച്ചി പനയപ്പിള്ളി തുണ്ടിക്കല്‍ വീട്ടില്‍ മുഹമ്മദ് ഇന്‍സാഫ് (19) ആണ് മരണമടഞ്ഞത്.
യുവാവ് സഞ്ചരിച്ച ബൈക്ക് അമിത വേഗത്തിനിടെ നിയന്ത്രണം വിട്ട് റോഡിനു നടുവിൽ മറിഞ്ഞു വീഴുകയായിരുന്നു. ഈ സമയം എതിരെ വന്ന കണ്ടയ്‌നര്‍ ലോറി ബൈക്കിന്റെയും മുഹമ്മദിന്റെയും മേലെ കൂടി കയറിയിറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇത് സ്ഥിരീകരിക്കുന്ന സിസിടിവി ദ്യശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വൈകിട്ട് നാലര മണിയോടെ എറണാകുളത്തും നിന്നും എത്തിയ അറുപതില്‍പരം വരുന്ന വിദ്യാര്‍ത്ഥിസംഘം സ്റ്റേഷന്‍ വളഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
പ്രതിഷേധത്തിനിടയില്‍ സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന ലോറി സംഘം അടിച്ചു തകര്‍ക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ യുവാവിനെതിരെയും പോലീസിനെതിരെയും ആക്രമണം ഉണ്ടായി. തലയോലപ്പറമ്പ്, വെള്ളൂര്‍, കുറവിലങ്ങാട് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഭവം നിയന്ത്രണാതീതമായത്. ഇതിനിടെ പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം ചിതറിയോടിയെങ്കിലും 21 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മരണമടഞ്ഞ മുഹമ്മദിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍്ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.