12 March, 2019 06:40:02 PM
പരസ്യ ബോര്‍ഡ് നീക്കം ചെയ്യല്‍; ഹൈക്കോടതി വിധി കര്‍ശനമായി പാലിക്കണം - ജില്ലാ കളക്ടര്‍
കോട്ടയം: പൊതു സ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ.സൂധീര്‍ ബാബു നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി 26ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യണമെന്ന് ജില്ലയിലെ മുനിസിപ്പാലിറ്റി - ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കോടതി ഉത്തരവ് ലഭിച്ചപ്പോള്‍ തന്നെ ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നീക്കം ചെയ്യുന്നതിനു മുമ്പായി ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്ക് നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്തത്. അപേക്ഷ നല്‍കി പിഴയടക്കുന്നവര്‍ക്ക് ബോര്‍ഡുകള്‍ തിരികെ നല്‍കുന്നതിനും നടപടിയുണ്ട്. മിക്ക പഞ്ചായത്തുകളിലും അഞ്ഞൂറിലധികം അനുമതിരഹിത ബോര്‍ഡുകളാണ് നീക്കം ചെയ്തത്.
ബോര്‍ഡുകളും ഫ്‌ളക്‌സ് നിര്‍മ്മിത ബാനറുകളും മറ്റും പൊതു സ്ഥലങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്തതായി സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്ന ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ പരിസ്ഥിതി തകരാറിലാക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അവയുടെ നിര്‍മ്മാണത്തിനും നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടം. എഡിഎം സി. അജിത കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് എന്നിവര്‍ സംസാരിച്ചു.