10 March, 2019 04:56:50 PM


ഭാരതയുദ്ധം 2019: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളിലായി

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന്; രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു



ദില്ലി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 11, 18, 23, 29, മെയ് 6, 12, 19 എന്നീ തീയതികളിലായിഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ്.  വോട്ടെണ്ണല്‍ പൊതുവായി മെയ് 23ന് നടക്കും. 


ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 25. മെയ് 23ന് വോട്ടെണ്ണല്‍. കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കും. ഏപ്രില്‍ 23ന് തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പ്രചാരണത്തിനായി 43 ദിവസമാണ്  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുക.


ഒന്നാം ഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങളിലും  നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 71  മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തില്‍  ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലും ആറാം ഘട്ടം  ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലും ഏഴാം  ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലും തെരഞ്ഞെടപ്പ് നടക്കും.


അഞ്ച് മണിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുള്ള വാര്‍ത്താ സമ്മേളനം ആരംഭിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് രീതികള്‍ വിശദീകരിച്ചശേഷം തീയതികള്‍ പ്രഖ്യാപിച്ചു. 29 സംസ്ഥാനങ്ങളിലായി 530 സീറ്റുകളും 7 കേന്ദ്രഭരണപ്രദേശങ്ങലിലായി 13 സീറ്റുകളും ഉള്‍പ്പെടെ 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.  തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിയെന്ന് അറിയിച്ച കമ്മീഷന്‍ പോളിംഗ് ബൂത്തുകളിലെ സംവിധാനങ്ങലെ കുറിച്ചും മറ്റും വിശദീകരിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനിലും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.


ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പാണ് എന്നതിനാല്‍ വിപുലമായ ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് പൊതുതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരിക്കുന്നത്. രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 കോടി പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950


വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിന്‍റെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും. ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K