08 March, 2019 08:07:39 PM


ഏറ്റുമാനൂര്‍ നഗരസഭാ സാരഥ്യം: കേരളാ കോണ്‍ഗ്രസിനെതിരെ സ്വതന്ത്ര വനിതാ അംഗം മത്സരിച്ചേക്കും



ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ നഗരസഭയുടെ സാരഥ്യം വീണ്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥിയുടെ കൈകളിലേക്ക് എത്താന്‍ സാധ്യത തെളിയുന്നു. പുതിയ നഗരസഭയില്‍ ആദ്യചെയര്‍മാനായി കോണ്‍ഗ്രസിലെ ജയിംസ് തോമസ് രണ്ട് വര്‍ഷം പിന്നിട്ടശേഷം ആറ് മാസം വീതം ചെയര്‍മാന്‍റെ കസേര പങ്കിട്ടത് രണ്ട് സ്വതന്ത്രന്‍മാരായിരുന്നു. യുഡിഎഫ് പിന്തുണയോടെയായിരുന്നു സ്വതന്ത്രന്മാരായ ജോയി മന്നാമലയും ജോയി ഊന്നുകല്ലേലും ആറ് മാസം വീതം ഭരിച്ചത്. ജോയി ഊന്നുകല്ലേല്‍ രാജി വെച്ചതിനെ തുടര്‍ന്ന് അടുത്ത ഊഴത്തിനായി കേരളാ കോണ്‍ഗ്രസിലെ  ജോര്‍ജ് പുല്ലാട്ട് കാത്തിരിക്കുന്ന വേളയിലാണ് വെല്ലുവിളി ഉയര്‍ത്തി സ്വതന്ത്രയായി ജയിച്ച ബീനാ ഷാജി രംഗപ്രവേശം ചെയ്തിരിക്കുന്നത്.


ബീനാ ഷാജി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്‍കിയാല്‍ എല്‍ഡിഎഫും ബിജെപിയും പിന്തുണയ്ക്കുമെന്നാണ് ബന്ധപ്പെട്ട നേതാക്കള്‍ പറയുന്നത്. ബീനാ ഷാജി ചെയര്‍മാനായാല്‍ നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍റെ കസേര തെറിക്കും. പകരം ആ സ്ഥാനത്തേക്ക് മറ്റൊരു സ്വതന്ത്ര വി.സി. റീത്താമ്മയെ അവരോധിക്കാനും നീക്കം നടക്കുന്നുണ്ട്. മൂന്നാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ് ബീന ഷാജി. റീത്താമ്മ 19-ാം വാര്‍ഡിനെയും പ്രതിനിധീകരിക്കുന്നു. രാജി വെച്ച ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലിന് പിന്തുണ നല്‍കി വീണ്ടും മത്സരരംഗത്തിറക്കാനായിരുന്നു എല്‍ഡിഎഫ് ശ്രമിച്ചത്. പക്ഷെ അദ്ദേഹം അതിനു വഴങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് സിപിഎമ്മിന് ആശ്വാസമേകി ബീനയുടെ രംഗപ്രവേശം. പിന്തുണ നല്‍കിയാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നാണ് ബീനാ ഷാജി നല്‍കുന്ന സൂചന.


നഗരസഭ ഭരണസമിതിയുടെ തുടക്കത്തില്‍ കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയെ വൈസ് ചെയര്‍പേഴ്സണാക്കാന്‍ വേണ്ടിയുള്ള ഭൂരിപക്ഷത്തിന് ബീനാ ഷാജിയ്ക്ക് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം വെച്ചുനീട്ടിയ യുഡിഎഫ്  പക്ഷെ വാക്കു പാലിച്ചില്ല. തന്നോട് ചെയ്ത വഞ്ചന മനസില്‍ സൂക്ഷിക്കുന്ന ബീന പകരം വീട്ടാന്‍ ഇതൊരവസരമായി കണ്ടാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് ചിന്തിച്ചത്. സ്വതന്ത്രന്‍മാരുടെ പിന്‍ബലത്തോടെ ഭരണം പിടിച്ചെടുത്ത യുഡിഎഫ് അഞ്ച് വര്‍ഷത്തിനിടെ അഞ്ച് ചെയര്‍മാന്‍ എന്ന നിലപാടില്‍ മുന്നോട്ട് പോകുന്ന പ്രവണതയ്ക്ക് ഇനിയെങ്കിലും തടയിടണമെന്നാണ് സിപിഎം നേതൃത്വവും ബിജെപി ഭാരവാഹികളും ചൂണ്ടികാട്ടുന്നത്. മത്സരരംഗത്ത് സ്വതന്ത്ര ആണെങ്കില്‍ പിന്തുണ കൊടുക്കുന്നതിന് രാഷ്ട്രീയം പരിഗണിക്കേണ്ടതില്ലല്ലോ എന്നണ് ഇരുകൂട്ടരും പറയുന്നത്.


ഭരണം യുഡിഎഫിനാണെങ്കിലും സ്ഥിരം സമിതികളില്‍ പ്രധാനമായത് രണ്ടെണ്ണത്തിലും സിപിഎം പ്രതിനിധികളാണ് ചെയര്‍മാന്‍മാര്‍. വികസനകാര്യത്തില്‍ പി.എസ്.വിനോദും ആരോഗ്യകാര്യസ്ഥിരം സമിതിയില്‍ ടി.പി.മോഹന്‍ദാസും. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിയ അധ്യക്ഷന്‍ ബിജെപിയിലെ ഗണേശ് ഏറ്റുമാനൂരും. ഏറ്റുമാനൂരിൽ 'മാറ്റത്തിന്റെ കൊടുങ്കാറ്റ്' എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ ജോയ് ഊന്നുകല്ലേലിന് താൻ സ്വപ്നം കണ്ട പദ്ധതികൾ പൂർണ്ണ ഫലപ്രാപ്തിയിൽ എത്തിക്കാനായിരുന്നില്ല. അതു കൊണ്ടു തന്നെ മനസ്സില്ലാ മനസോടെയാണ് അദ്ദേഹം രാജി നൽകിയതും. എല്‍ഡിഎഫിന്‍റെ നീക്കത്തോട് അദ്ദേഹം സഹകരിച്ചാല്‍ തുടര്‍ന്നുള്ള കാലം സ്വതന്ത്ര അംഗങ്ങളായ ബീനാ ഷാജി, റീത്താമ്മ എന്നിവര്‍ക്ക് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം പങ്കിട്ട് നല്‍കാം എന്ന നിലപാടിലാണ് എല്‍ഡിഎഫ്. 

യുഡിഎഫിലെ മുന്‍ ധാരണപ്രകാരം ശേഷിക്കുന്ന കാലയളവില്‍ രണ്ട് പേരാണ് ചെയര്‍മാന്‍ സ്ഥാനത്തെത്തുക. ആദ്യഒരു വര്‍ഷം 24-ാം വാര്‍ഡില്‍ (കണ്ടംചിറ) നിന്നുമുള്ള കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട്, അവസാനവര്‍ഷം ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുമുള്ള കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കന്‍ എന്നിവര്‍ കസേര പങ്കിടണം എന്നതാണ് ധാരണ. മൂന്ന് ചെയര്‍മാന്‍മാരുടെ സ്ഥാനാരോഹണത്തിനിടെ നാല് മാസങ്ങള്‍ ഇപ്പോള്‍തന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് പ്രതിനിധി ജോര്‍ജ് പുല്ലാട്ട് ഒരു വര്‍ഷം തികയുന്ന ദിവസം രാജി വെച്ചാല്‍ തന്നെ ഫലത്തില്‍ ബിജു കൂമ്പിക്കന് ഭരിക്കാന്‍ ലഭിക്കുക വെറും ഏഴ് മാസങ്ങളായിരിക്കും. ഭരണം മാറുമ്പോഴുള്ള പ്രതിസന്ധി അവസാനിപ്പിക്കാനാണത്രേ യുഡിഎഫിനെ അട്ടിമറിക്കാനുള്ള നീക്കം എല്‍ഡിഎഫ് ശക്തമാക്കുന്നത്.

മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ആദ്യചെയര്‍മാന്‍ ജയിംസ് തോമസ് രാജിവെച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്സണായി. ജോയി ഊന്നുകല്ലേല്‍ രാജി വെച്ചതോടെ ജയശ്രീയ്ക്കാണ് ഇപ്പോള്‍ ചെയര്‍മാന്‍റെ ചാര്‍ജ് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K