03 March, 2019 10:20:09 PM
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍റെ നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്: ശരീരത്തില്‍ പാക്ക് രഹസ്യ ഉപകരണങ്ങളില്ല
ദില്ലി: വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി സ്‌കാനിങ് റിപ്പോര്‍ട്ട്. എന്നാല്‍ പാക്ക് കസ്റ്റഡിയിലായിരിക്കെ അഭിനന്ദന്റെ ശരീരത്തില്‍ രഹസ്യ ഉപകരണങ്ങളൊന്നും ഘടിപ്പിച്ചിട്ടില്ലെന്നും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
മിഗ്-21 ബൈസണ്‍ വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് പാരഷൂട്ട് ഉപയോഗിച്ച് നിലത്തിറങ്ങിയപ്പോഴാകാം നട്ടെല്ലിന് പരിക്കേറ്റതെന്നാണ് നിഗമനം. പാക്ക് അധീന കശ്മീരില്‍ വീണ ഇന്ത്യന്‍ യുദ്ധ വൈമാനികനെ പ്രദേശവാസികള്‍ മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തിരുന്നു. അതേസമയം പാക്ക് കസ്റ്റഡിയില്‍ വെച്ച് തനിക്ക് ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നില്ലെന്ന് അഭിനന്ദന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാനസികമായി പീഡനം നേരിടേണ്ടി വന്നതായും അഭിനന്ദന്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്ക് എഫ്-16 വിമാനത്തെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ പറത്തിയ മിഗ്-21 ബൈസണ്‍ തകര്‍ന്നത്. തുടര്‍ന്ന് പാക്ക് കസ്റ്റഡിയില്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമാണ് പാക്കിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. ഇന്ത്യയിലെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ സൈനിക ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പാക്ക് കസ്റ്റഡിയിലിരിക്കെ നേരിട്ട ഉപദ്രവങ്ങള്‍, പാക്കിസ്താനില്‍ എത്തിയത് എങ്ങനെ, എന്തെല്ലാം വിവരങ്ങള്‍ പാക്കിസ്താന്‍ ചോദിച്ചറിഞ്ഞു ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അഭിനന്ദനെ വിശദമായി ചോദ്യം (ഡീബ്രിഫിംഗ്) ചെയ്യും. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദപരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയില്‍ മറ്റു പ്രശ്‌നങ്ങളില്ല.