02 March, 2019 05:50:02 PM
ജമാഅത്തെ ഇസ്ലാമി ഓഫീസുകളും വീടുകളും പൂട്ടി സീല്‍ ചെയ്തു; കശ്മീരില്‍ വന്‍ പ്രതിഷേധം
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ കശ്മീരില്‍ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വ്യാപക നടപടിയുമായി പോലീസ്. കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ജമാ അത്തെ ഇസ്ലാമിക്ക് കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയത്. ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നുവെന്നാണ് സംഘടന നേരിടുന്ന ആരോപണം. ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചതിന് എതിരെ കശ്മീരില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സര്‍ക്കാരിനെതിരെ രംഗത്തുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് കശ്മീരിലെ പ്രധാനപ്പെട്ട ജമാഅത്തെ ഇസ്ലാമി നേതാക്കളെ എല്ലാം കരുതല്‍ തടങ്കലില്‍ ആക്കിയത്. പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കശ്മീരില്‍ സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ആണെന്നും ഭീകരസംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റിന് സഹായിക്കുന്നു എന്നും സംഘടനയ്ക്ക് എതിരെ ആരോപണമുണ്ട്. ജമ്മു കശ്മീര്‍ ജമാ അത്തെ ഇസ്ലാമി ഭീകരര്‍ക്ക് പണം നല്‍കിയതായി കണ്ടെത്തിയതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
നിരോധനത്തിന് പിന്നാലെ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയിലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളും സ്ഥാപനങ്ങളും അധികൃതര്‍ കണ്ടുകെട്ടി. 200ഓളം പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച് വര്‍ഷത്തേക്കാണ് സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെ കശ്മീരില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ ശ്രീനഗറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നാഷണല്‍ കോണ്‍ഫറന്‍സും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണ് എന്നാണ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. രാഷ്ട്രീയ വിഷയങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമടര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ രീതിയുടെ മറ്റൊരു ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച നടപടിയെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.