02 March, 2019 09:48:44 AM
വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വൈദ്യപരിശോധനക്കായി ഇന്ന് ദില്ലിയിൽ എത്തിക്കും
ദില്ലി: മൂന്ന് ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ട് ഇന്ത്യയിലെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വൈദ്യപരിശോധനകൾക്കായി ഇന്ന് ദില്ലിയിലെ എയിംസിൽ പ്രവേശിപ്പിക്കും. കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നലെ രാത്രി ഒൻപതേ കാലോടെഅഭിനന്ദനെ കൈമാറികൊണ്ടുള്ള ആ ദൃശ്യങ്ങളെത്തിയത്.
സായുധരായ പാക് റേഞ്ചമാരുടെ ഇടയിൽ അഭിനന്ദൻ വർദ്ധമാൻ. പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലെ നയതന്ത്രപ്രതിനിധി ഡോ. ഫറേഹ ബുക്തി, എയർ അറ്റാഷെ ഗ്രൂപ്പ് ക്യാപ്റ്റൻ ജോയ് തോമസ് കുര്യൻ എന്നിവരും അഭിനന്ദനൊപ്പം ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ അഞ്ച് മിനിറ്റ് നീണ്ടു. 9.20 ഓടെ പാക് റേഞ്ചേഴ്സ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി അഭിനന്ദൻ വർദ്ധമാനെ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറി.
എയർവൈസ് മാർഷൽ ആർ.വി.കെ. കപൂർ ഉൾപ്പെടെ ഉന്നത വ്യോമസേന ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് അഭിനന്ദനെ ഇന്ത്യക്ക് കൈമാറുമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ അറിയിച്ചിരുന്നത്. വൈകുന്നേരം മുതൽ വലിയ ജനാവലിയാണ് വാഗയില്‍ ഇന്ത്യയുടെ ഭാഗത്ത് അദ്ദേഹത്തെ കാത്തുനിന്നത്. കാത്തിരിപ്പ് നീണ്ടുപോയതിനിടെ പല അഭ്യൂഹങ്ങളും ഉണ്ടായി. ഇതിനിടെ പാകിസ്ഥാൻ അഭിനന്ദന്‍റെ മറ്റൊരു വീഡിയോയും പുറത്തുവിട്ടു.
പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം നടപടികളിൽ ഇന്ത്യക്ക് കടുത്ത അതൃപ്തിയുണ്ട്. വാഗയിൽ നിന്നും അമൃത്സറിലേക്കാണ് അഭിനന്ദൻ വർദ്ധമാനെ ആദ്യം കൊണ്ടുപോയത്. ഇവിടെ അദ്ദേഹത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇന്ന് ദില്ലിയിലെത്തിക്കുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ സന്ദര്‍ശിക്കും.