01 March, 2019 06:07:06 PM


അഭിമാനമായി ധീരതയോടെ അഭിനന്ദന്‍: രാജ്യസ്‌നേഹം ഏറ്റുവാങ്ങി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യയില്‍


Pakistan,  Air Force Pilot, Abhinandan Varthaman,  India


ദില്ലി: രാജ്യത്തിന്റെ അഭിമാനമായി വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ധീരതയോടെ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. മൂന്നു ദിവസം നീണ്ട കനത്ത ആശങ്കകള്‍ക്കൊടുവിലാണ് രാജ്യ സ്‌നേഹം ഏറ്റുവാങ്ങി അഭിനന്ദനെ പാക്കിസ്താന്‍ വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയ്ക്ക് കൈമാറിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റര്‍ ജെ.ടി. കുര്യനാണ് ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ സ്വീകരിച്ചത്. അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും വ്യോമസേന ഉന്നതരും വാഗയില്‍ എത്തി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് ധീര പുത്രനെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയത്.

ഇന്ത്യന്‍ വ്യോമമേഖല അതിര്‍ത്തി മറികടന്ന് എത്തിയ പാക്കിസ്താന്റെ എഫ് -16 വിമാനം തുരത്തുന്നതിനിടെയാണ് മിഗ് 21 ബൈസണ്‍ പോര്‍വിമാനം തകര്‍ന്ന് യുദ്ധ വൈമാനികന്‍ അഭിനന്ദന്‍ പാക്ക് കസ്റ്റഡിയിലായത്. കൈമാറുന്നതിന്റെ ഭാഗമായി ഇന്ന് പ്രത്യേക വിമാനത്തില്‍ റാവല്‍ പിണ്ടിയില്‍ നിന്നാണ് പാക്കിസ്താന്‍ അഭിനന്ദനെ ലാഹോറിലെത്തിച്ചത്. റെഡ്‌ക്രോസിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതോടെ അഭിനന്ദനെ കൈമാറ്റ രേഖയില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഒപ്പുവയ്ക്കുകയായിരുന്നു..തുടര്‍ന്ന് ആരോഗ്യ പരിശോധനകള്‍ക്കു ശേഷം റോഡു മാര്‍ഗ്ഗമാണ് വാഗാ അതിര്‍ത്തിയിലേയ്ക്ക് എത്തിച്ചത്.

ഇന്ത്യന്‍ വ്യോമയാന അതിര്‍ത്തി ലംഘിച്ച പാക്കിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ തുരത്തി പിന്തുടരുന്നതിനിടെയാണ് അഭിനന്ദന്‍ പറത്തിയ മിഗ്-21 ബൈസണ്‍ പോര്‍വിമാനം തകരുന്നത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നറിഞ്ഞതോടെ അഭിനന്ദന്‍ പാരഷൂട്ട് വഴിയാണ് പറന്നിറങ്ങിയത്. പാക്ക് അധീന കശ്മീരില്‍ നിലത്തിറങ്ങിയ അഭിനന്ദനെ പാക്ക് വ്യോമസേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ ഇന്ത്യന്‍ യുദ്ധ വൈമാനികന്‍ പാക്ക് പിടിയിലായത് കനത്ത ആശങ്കകള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് രണ്ടു ദിവസത്തെ കാത്തിരിപ്പിനിടെ വ്യാഴാഴ്ച പാക്ക് പാര്‍ലമെന്റില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമാധാന സന്ദേശമായി ഇന്ത്യന്‍ വൈമാനികനെ വിട്ടയയ്ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഔദ്യോഗികമായി സ്വീകരിച്ച ശേഷം വിങ് കമാന്‍ഡര്‍ അഭിനന്ദനെ റോഡ് മാര്‍ഗം അമൃത്സറില്‍ എത്തിച്ച ശേഷം വിമാന മാര്‍ഗം ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K