28 February, 2019 08:47:21 AM
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യ തിരിച്ചടിക്കുന്നു
പൂഞ്ച്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പ്രകോപനവുമായി വീണ്ടും പാക് സൈന്യം. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.
ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച് ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിയാല്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം.
അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി സേനാമേധാവിമാരെ വിളിച്ച് ഒന്നര മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. പാകിസ്ഥാന്‍റെ സമ്മര്‍ദ്ദത്തിന് കീഴടങ്ങേണ്ടതില്ലെന്നും ശക്തമായ നിലപാട് തന്നെ സ്വീകരിക്കണമെന്നുമുളള നിര്‍ദ്ദേശം നേനാമേധാവിമാര്‍ക്ക് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കാനാണ് ഇന്ത്യന്‍ നീക്കം.