27 February, 2019 08:06:59 PM


പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു




ദില്ലി: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക്ക് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സയിദ് ഹൈദര്‍ ഷായെ സൗത്ത് ബ്ലോക്കിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഇന്നുണ്ടായ സംഭവവികാസങ്ങള്‍ക്കു പിന്നാലെയാണ് ഇന്ത്യന്‍ പാക്ക് പ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചിരിക്കുന്നത്.


പാക്ക് വിമാനങ്ങള്‍ തുരത്താനുള്ള നീക്കത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് കാണാനില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥിരീകരണത്തിനു പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. നേരത്തെ പുല്‍വാമ ആക്രമണം നടന്നതിന് പിന്നാലെ ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.


സമാനമായ രീതിയില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ശേഷം ഇന്ത്യയിലെ ഹൈക്കമ്മീഷണറെ അവര്‍ അവിടേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്നും ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തിയത് എന്ന പ്രത്യേകതയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K