26 February, 2019 11:02:34 AM
പാക് അധീന കാഷ്മീരില്‍ ഇന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിനു പാക്കിസ്ഥാന് ശക്തമായി തിരിച്ചടി നല്കി ഇന്ത്യ. ഇന്ത്യന്‍ വ്യോമസേന പാക് അതിര്‍ത്തി കടന്ന് ഭീകരതാവളങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാനിലെ ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ജയ്ഷെ മുഹമ്മദിന്റെ കണ്ട്രോള് റൂമുകളും ബോംബ് വര്‍ഷത്തില്‍ തകര്‍ന്നു. ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. ചൊ വ്വാഴ്ച പുലര്‍ച്ചെ 3.30 ന് ആയിരുന്നു ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്ഫോടന വസ്തുക്കള്‍ വ്യോമസേന ഉപയോഗിച്ചതായാണ് വിവരം. ആക്രമണം നടത്തി 21 മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചെത്തി.
ആദ്യമായാണ് പാക്കിസ്ഥാനില്‍ കടന്നുകയറി ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നത്. നേരത്തെ കാര്‍ഗില്‍ യുദ്ധത്തിലും മറ്റും പാക് അധീന കാഷ്മീരില്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനില്‍ കടന്നിരുന്നില്ല. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ച ശേഷം മിറാഷ് യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തി. യുദ്ധ വിമാനങ്ങള്‍ക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുത്തെന്ന് സൈന്യം പറയുന്നു.
ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന് നേരത്തെ പാക്കിസ്ഥാന് ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇന്ത്യന്‍ സൈന്യം പുറത്തുവി ട്ടിരിക്കുന്നത്. ഇന്ത്യ അതിര്‍ത്തി ലംഘിച്ചതായി പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് അറിയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ആദ്യ ട്വീറ്റ് പുറത്ത് വന്നത്.
മുസഫര്‍ബാദ് സെക്ടറില്‍ നിന്നാണ് വിമാനങ്ങള്‍ പാക് അതിര്‍ത്തി ലംഘിച്ചെത്തിയതെന്നും തങ്ങളുടെ സൈനികരുടെ സമയോചിത ഇടപെടല്‍ ഇന്ത്യന്‍ നീക്കത്തെ പരാജയപ്പെടുത്തുകയായിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.