19 February, 2019 06:37:36 PM


വീരമൃത്യു വരിച്ച 23 സൈനികരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് എസ്ബിഐ



ദില്ലി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുമെന്ന് എസ്ബിഐ. വീരമൃത്യു വരിച്ച 23 ജവാന്മാരുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. ഇതിനുപുറമേ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം ഇൻഷുറൻസ് നൽകാനും എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്.

ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈതാങ്ങാകാൻ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി എല്ലാ എസ്ബിഐ ജീവനക്കാരോടും  ധനസഹായം നൽകുന്നതിനുവേണ്ടി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്നത്. സൈനികരുടെ വാഹനത്തിന് നേരെ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K