06 February, 2019 12:15:23 PM


പൗരത്വ ബില്ലില്‍ പ്രതിഷേധം; നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍.ഡി.എ വിട്ടേക്കും



ഷില്ലോങ്: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച്‌ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍.ഡി.എ വിട്ടേക്കുമെന്ന് സൂചന. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍.ഡി.എയുടെ സഖ്യപാര്‍ട്ടികളിലാണ് പൗരത്വ ബില്‍ കടുത്ത എതിര്‍പ്പ് ഉണ്ടാക്കുന്നത്.


ബില്ലുമായി കേന്ദ്രം മുന്നോട്ട് പോയാല്‍ സഖ്യം വിടുന്ന കാര്യം തീരുമാനിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) അധ്യക്ഷനുമായ കോണ്‍റാഡ് സാങ്മ വ്യക്തമാക്കി. മണിപ്പൂരിലേയും അരുണാചലിലേയും ബി.ജെ.പി. സര്‍ക്കാരുകളെ പിന്തുണക്കുന്ന പാര്‍ട്ടിയാണ് എന്‍.പി.പി.


മേഘാലയയില്‍ ബി.ജെ.പി. പിന്തുണയോടു കൂടിയാണ് സാങ്മയുടെ എന്‍.പി.പി. സഖ്യ സര്‍ക്കാര്‍ ഭരിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ പൗരത്വ ബില്‍ രാജ്യസഭയില്‍ എത്തിയാല്‍ അനുകൂലിക്കരുതെന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ബംഗ്ലാദേശ്, പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിം ഇതര മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതിനുള്ള നിയമഭേദഗതിയാണ് പൗരത്വ ബില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K