05 February, 2019 12:24:06 PM


ശാരദ ചിട്ടി തട്ടിപ്പ് അന്വേഷണം: കമ്മീഷണര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി; മമതയ്ക്ക് തിരിച്ചടി



ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുമ്പില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്ന് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.


കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത കമ്മീഷണറില്‍ നിന്ന് വിശദമായ വിവരങ്ങള്‍ തേടി പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. നോട്ടീസ് അയച്ചിട്ടും ഹാജരായില്ല. തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെന്നും സിബിഐ സത്യവാങ്മൂലത്തില്‍ കോടതിയെ ബോധിപ്പിച്ചു.


ഞായറാഴ്ച രാത്രി കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പോലീസ് ഏറെ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെയാണ് സംഭവം ദേശീയതലത്തില്‍ വാര്‍ത്തയായത്. പിന്നീട് ഉദ്യോഗസ്ഥരെ വിട്ടയച്ചെങ്കിലും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ ധര്‍ണ ആരംഭിക്കുകയായിരുന്നു. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍മിക വിജയമാണെന്ന് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K