03 February, 2019 08:56:08 PM
ബംഗാളില്‍ പൊലീസ് കമ്മീഷണറെ കാണാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞു
കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കാണാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പൊലീസ് തടഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബംഗാള്‍ ഭരിക്കുന്ന മമതാ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത പുതിയ തലത്തിലേക്കെത്തിച്ചാണ് കൊല്‍ക്കത്തയില്‍ ഇന്ത്യ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെ കമ്മീഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ മമതാ ബാനര്‍ജി ഇവിടെ വച്ച് മന്ത്രിമാരുമായും മറ്റു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്‍റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സത്യാഗ്രഹസമരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്നും മൊഴിയെടുക്കാന്‍ സിബിഐ നടത്തിയ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് പലതരം നാടകീയ സംഭവവികാസങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
ഞായറാഴ്ച്ച വൈകിട്ടോടെയാണ് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതിയിലേക്ക് അഞ്ചംഗ സിബിഐ സംഘം എത്തിയത്. കമ്മീഷണറെ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനെത്തിയതായിരുന്നു ഈ ഉദ്യോഗസ്ഥരെന്നാണ് സിബിഐ വിശദീകരിക്കുന്നത്. കുറച്ചു കാലമായി ഹൈക്കോടതിയില്‍ നടന്ന നിയമനടപടികള്‍ക്കൊടുവില്‍ കമ്മീഷണറെ കണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐക്ക് അനുമതി കിട്ടിയിരുന്നു. ഇതനുസരിച്ചാണ് ഇവര്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. കമ്മീഷണറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ചു സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സിബിഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
പൊലീസ്കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും കമ്മീഷണര്‍ ഓഫീസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിന് ഇവരുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു. എന്നാല്‍ ഇതിനകം കൊല്‍ക്കത്തയിലെ സിബിഐ സിബിഐ ജോയിന്‍റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ ഔദ്യോഗിക വസതി കൊല്‍ക്കത്ത പൊലീസ് വളഞ്ഞത് സംഭവവികാസങ്ങളുടെ നാടകീയത വര്‍ധിപ്പിച്ചു. ജോയിന്‍റ് കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന പക്ഷം അര്‍ധസൈനിക വിഭാഗത്തെ ഇറക്കി അതിനെ പ്രതിരോധിക്കണമെന്ന് സിബിഐ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ലോകത്തെ ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍ എന്ന് പറഞ്ഞ മമതാ അദ്ദേഹത്തെ കരുവാക്കി തന്നെയും സര്‍ക്കാരിനേയും കുരുക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നും ഇത് അമിത്ഷായുടേയും കേന്ദ്രസര്‍ക്കാരിന്‍റേയും രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികള്‍ക്കെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച ബാംഗാള്‍ മുഖ്യമന്ത്രി സത്യാഗ്രഹസമരം ആരംഭിക്കുന്നതായും സമരപന്തലില്‍ ഇരുന്ന് ബംഗാള്‍ ഭരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായി കമ്മീഷണര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെങ്കിലും അതിന് നില്‍ക്കുന്നില്ലെന്നും അവരെ വിട്ടയക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥര്‍ സ്റ്റേഷന്‍ വിടുകയും ചെയ്തു. മോദിസര്‍ക്കാരിനും മമതാ സര്‍ക്കാരിനുമിടയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുത്ത സ്പര്‍ധയാണ് നിലനില്‍ക്കുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബംഗാളില്‍ ഹെലികോപ്ടര്‍ ഇറക്കാനുള്ള അനുമതി പോലും മമതാ സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സിബിഐ റെയ്ഡും അറസ്റ്റും നടന്നിരിക്കുന്നത്.
ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടികളോട് കേന്ദ്രസര്‍ക്കാരും സിബിഐയും ഇനി എങ്ങനെ പ്രതികരിക്കും എന്നുള്ളതാണ് രാഷ്ട്രീയലോകം ആകാംക്ഷയോടെ നോക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് വാതില്‍ക്കല്‍ നില്‍ക്കേ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി പുതിയ സംഭവങ്ങളെ മമത ഉപയോഗിക്കും എന്നുറപ്പാണ്. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ ഇതിനോടകം മമതയ്ക്ക് പിന്തുണ് പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് ഒടുവില്‍ വരുന്ന വിവരം. സിബിഐയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.