02 February, 2019 10:21:21 AM
കാഞ്ഞിരപ്പള്ളിയില്‍ ഒരു റോഡിന് ഒരു ദിവസം രണ്ട് ഉദ്ഘാടനം: അദ്ധ്യക്ഷന്‍മാര്‍ ഒരേ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍
കാഞ്ഞിരപ്പള്ളി: ഒരു റോഡിന് രണ്ട് ഉദ്ഘാടനം. അതും ഒരേ ദിവസം രണ്ട് മണ്ഡലങ്ങളില്‍. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ കെ.എം.മാണിയും അരുമ ശിഷ്യന്‍ ഡോ.എന്‍. ജയരാജും മത്സരിച്ച് തങ്ങളുടെ മണ്ഡലങ്ങളില്‍ ഏര്‍പ്പാടാക്കിയിരിക്കുന്ന രണ്ട് ചടങ്ങിലും ഉദ്ഘാടകന്‍ ഒരാള്‍ തന്നെ. സംസ്ഥാനപൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നവീകരിക്കപ്പെട്ട കാഞ്ഞിരപ്പള്ളി - കാഞ്ഞിരം കവല റോഡിനാണ് നാളെ രണ്ട് ഉദ്ഘാടനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ ഭാഗ്യം ലഭിക്കുക.
ഫെബ്രുവരി മൂന്നിന് രാവിലെ 11.30ന് മേലുകാവ് മറ്റം ടൗണില്‍ മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡറുമായ കെ.എം.മാണി എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി സുധാകരന്‍ പാലത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് കാഞ്ഞിരപ്പള്ളി പേട്ട ജംഗ്ഷനില്‍ ഡോ.എന്‍.ജയരാജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വീണ്ടും ഉദ്ഘാടനം. അതും മന്ത്രി ജി.സുധാകരന്‍. റോഡിന്‍റെ പാലാ റീച്ചിന്‍റെയും കാഞ്ഞിരപ്പള്ളി റീച്ചിന്‍റെയും എന്ന പേരിലാണ് ഉദ്ഘാടനങ്ങള്‍ എന്ന ഒറ്റ വ്യത്യാസം മാത്രം.
രണ്ടു ചടങ്ങുകളിലും ഉദ്ഘാടകന്‍ മാത്രമല്ല രണ്ട് ചടങ്ങുകളിലും മുഖ്യപ്രഭാഷകനും സ്വാഗതം പറയുന്നതും കതജ്ഞത അര്‍പ്പിക്കുന്നതും റിപ്പോര്‍ട്ട് വായിക്കുന്നതുമൊക്കെ ഒരേ ആളുകള്‍തന്നെ. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവനാണ് മുഖ്യപ്രഭാഷണം നടത്തുക. റോഡ് ഇന്‍ഫ്രാസ്ട്രക്ചറല്‍ കമ്പനി കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍ മധുമതി സ്വാഗതവും പൊതുമരാമത്ത് വകുപ്പ് അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ.സന്തോഷ്കുമാര്‍ നന്ദിയും പറയുന്ന ചടങ്ങുകളില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് ചീഫ് ഓപ്പറേറ്റിംഗ് ആഫീസര്‍ എസ്.സരസിജ ആയിരിക്കും.
മേലുകാവ് മറ്റത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥി ജോസ് കെ.മാണി എം.പി ആണെങ്കില്‍ കാഞ്ഞിരപ്പള്ളിയില്‍ ആ സ്ഥാനത്ത് ആന്‍റോ ആന്‍റണി എം.പി ആയിരിക്കും വിശിഷ്ടാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടിയും ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ബാബുവും രണ്ട് ചടങ്ങുകളിലും ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിക്കും. അതേസമയം രണ്ട് ചടങ്ങുകളിലും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും പങ്കെടുക്കുന്നവര്‍ വ്യത്യസ്ഥരായിരിക്കും.