28 January, 2019 05:32:13 PM
ജസ്‌ന മരിയ ജീവിച്ചിരിപ്പുണ്ടെന്ന സൂചനയുമായി കര്‍ണാടക പോലീസ്
കോട്ടയം: കാണാതായ ജസ്‌ന മരിയ ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്ന സൂചന കര്‍ണാടക പോലീസില്‍ നിന്നു ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ട്. ജസ്‌നയെ കാണാതായി ഒരു വര്‍ഷം തികയാറായപ്പോഴാണ് പ്രതീക്ഷിക്കാന്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെ 10.40-നാണ് കോട്ടയം ജില്ലയിലെ മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജെയിംസ് ജോസഫിന്‍റെ മകള്‍ ജെസ്‌നയെ കാണാതായത്.
ജസ്‌നയുടെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കര്‍ണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ തിരച്ചിൽ നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും വ്യാജ സന്ദേശങ്ങളും ഉണ്ടായിരുന്നു. 'അയാം ഗോയിങ് ടു ഡൈ' എന്ന ജെസ്‌നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്‌ടിക്കാനായിരുന്നെന്നും അജ്‌ഞാതവാസത്തിനു പിന്നില്‍ ചില സ്‌ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി.
കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വനത്തിലും വരെ ജസ്നയ്ക്ക് വേണ്ടി തിരച്ചില്‍ നടന്നെങ്കിലും വിവരമൊന്നും കിട്ടാത്തതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
ജസ്നയുടെ സുഹൃത്തുക്കളെയടക്കം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്തായാലും കുടുബത്തിനും പൊലീസുകാര്‍ക്കും ആശ്വാസ്യകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് .