26 January, 2019 10:24:35 AM
ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോകചക്ര; പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌നം
മോഹന്‍ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍. സുനില്‍ ഛേത്രി, പ്രഭു ദേവ, ഗൗതം ഗംഭീര്‍, ശങ്കര്‍ മഹാദേവന്‍, ശിവമണി എന്നിവര്‍ക്ക് പത്മശ്രീ
ന്യൂഡല്‍ഹി: രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നല്‍കുന്ന രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതികള്‍ പ്രഖ്യാപിച്ചു. കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിയെ രാജ്യം അശോക് ചക്ര പുരസ്‌കാരം നല്‍കി ആദരിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മഹാജബീന്‍ മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങും.
മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്‍എസ്‌എസിന്‍റെയും ഭാരതീയ ജനസംഘിന്‍റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്‌നം ബഹുമതി നല്‍കി ആദരിക്കും.നാനാജി ദേശ്മുഖിനും ഭൂപെന്‍ സാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌നം നല്‍കുന്നത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പത്മ പുരസ്‌കാരങ്ങക്ക് നടന്‍ മോഹന്‍ലാല്‍, ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അടക്കം 14 പേര്‍ക്ക് പത്മഭൂഷണ്‍ ലഭിച്ചു. ഗായകന്‍ കെ.ജി. ജയന്‍, പുരാവസ്തു ഗവേഷകന്‍ കെ.കെ. മുഹമ്മദ്, ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. മാമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
അന്തരിച്ച ഹിന്ദി നടന്‍ കാദര്‍ ഖാന്‍ (മരണാനന്തരം) ഉള്‍പ്പെടെ 94 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. ബോളിവുഡ് നടന്‍ മനോജ് വാജ്‌പേയ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, തമിഴ് നടന്‍ പ്രഭു ദേവ, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്‌രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
നാടന്‍ കലാകാരന്‍ തീജന്‍ ബായ്, കിഴക്കന്‍ ആഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകന്‍ ഇസ്മായില്‍ ഉമര്‍ ഗുലെ, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ കമ്ബനി ചെയര്‍മാന്‍ അനില്‍ മണിഭായ് നായിക്, മറാഠി നാടകാചാര്യന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവര്‍ക്കാണു പത്മവിഭൂഷണ്‍ പുരസ്‌കാരം.