24 January, 2019 11:33:46 AM
തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍; ആവശ്യം തളളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനി മടക്കമില്ലെന്നും തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് തന്നെ ഉപയോഗിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. ഇവിഎമ്മില്‍ അട്ടിമറി ആരോപിച്ച് സയ്ദ് ഷൂജ എന്ന സൈബര്‍ വിദഗ്ധന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഒരു കാരണവശാലും ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കമ്മീഷന് തയാറാണെന്നും സുനില്‍ അറോറ വിശദമാക്കി. ഇവിഎമ്മിനെതിരേ ബിഎസ്പി, എസ്പി തുടങ്ങിയ പാര്‍ട്ടികളും രംഗത്തുവന്നിരുന്നു.